2026-ലെ സ്ഥാപകദിനം ആഘോഷിച്ച് ഏഷ്യൻ സ്‌കൂൾ

മനാമ: ബഹ്‌റൈൻ ഏഷ്യൻ സ്‌കൂൾ വാർഷിക സ്ഥാപകദിനം ആഘോഷിച്ചു. അന്തരിച്ച സ്ഥാപകൻ ജോസഫ് തോമസിന്റെ 80-ാം ജന്മവാർഷികവും ചടങ്ങിൽ അനുസ്മരിച്ചു. വിദ്യാർത്ഥികളുടെയും സ്‌കൂൾ സമൂഹത്തിന്റെയും നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനും സ്ഥാപനം കെട്ടിപ്പടുത്ത മൂല്യങ്ങൾക്കും ആദരമർപ്പിച്ചു.

ബഹ്‌റൈനിലെ എട്ട് സി.ബി.എസ്.ഇ. സ്‌കൂളുകളെ പ്രതിനിധീകരിച്ച വിദ്യാർത്ഥികൾ പങ്കെടുത്ത സ്ഥാപകദിന അന്തർസ്‌കൂൾ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനച്ചടങ്ങായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം. സ്ഥാപകദിനത്തോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന മത്സരത്തിൽ ജോസഫ് തോമസിന്റെ ഇംഗ്ലീഷ് ഭാഷയോടും അധ്യാപനത്തോടുമുള്ള സ്‌നേഹത്തിന്റെ സ്മരണയ്ക്കായി നാല് വിഭാഗങ്ങളാണുള്ളത്: ‘വേർഡ്‌സ് വിത്ത് വിങ്‌സ്’, ‘സ്പീക്ക് ടു ലീഡ്’, ‘സോളിലോക്കി’, ‘ഓഫ് ദി കഫ്’. സാഹിത്യശേഷി, സർഗാത്മകത, ആത്മവിശ്വാസം, പ്രസംഗവൈദഗ്ധ്യം എന്നിവ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ഈ മത്സരങ്ങൾ വേദിയൊരുക്കി. ജോസഫ് തോമസ് മെമ്മോറിയൽ എവർ-റോളിങ് ട്രോഫി നേടി ഇന്ത്യൻ സ്‌കൂൾ ഓവറോൾ ജേതാക്കളായി.

പാരന്റ്-ടീച്ചർ മീറ്റിങ് ദിനത്തിൽ ഏഷ്യൻ സ്‌കൂൾ സ്റ്റുഡന്റ് കൗൺസിലിന് കീഴിലുള്ള എ.എസ്.ബി. കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം ‘ലിറ്റിൽ ഫെയർ, ബിഗ് കോസ്’ എന്ന പേരിൽ ചാരിറ്റി മിനി മേള സംഘടിപ്പിച്ചു. കാരുണ്യത്തിന്റെയും സാമൂഹിക സേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച മേളയിലൂടെ ബഹ്‌റൈൻ ഫ്യൂച്ചർ സൊസൈറ്റി ഫോർ യൂത്തിന്റെ ‘സ്മൈൽ ഇനിഷ്യേറ്റീവി’നായി ഫണ്ട് ശേഖരിച്ചു. കാൻസർ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനൊപ്പം ബാല്യകാല കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഗെയിമുകൾ, ബേക്ക് സെയിൽ, ഭക്ഷണശാലകൾ, പുസ്തകമേള എന്നിവ ഉൾപ്പെടെ വിവിധ സ്റ്റാളുകൾ മേളയിലുണ്ടായിരുന്നു.

ബോർഡ് അംഗങ്ങളായ നയീമ താഹേരി, റാണ ഹമദ്, ഔട്ട്‌റീച്ച് ആൻഡ് പാർട്ണർഷിപ്പ് ഇൻ-ചാർജ് സൽമ അൽകരിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാല്യകാല കാൻസറിന്റെ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിൽ സമൂഹപങ്കാളിത്തത്തിന്റെ പ്രാധാന്യം അവരുടെ സാന്നിധ്യം എടുത്തുകാട്ടി.

സ്ഥാപകദിന പരിപാടിയിൽ പ്രസംഗങ്ങൾ, കവിതകൾ, ഛായാചിത്രാവതരണം, പ്രചോദനാത്മകമായ മൂല്യാധിഷ്ഠിത ഫ്‌ളാഷ്‌കാർഡ് അവതരണം എന്നിവയും അരങ്ങേറി.

സാഹിത്യ മികവ്, കലാപരമായ ആവിഷ്‌കാരം, മാനുഷിക പ്രവർത്തനം എന്നിവയിലൂടെ അറിവിനെ സർഗാത്മകത, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവയുമായി സംയോജിപ്പിക്കുന്ന വ്യക്തികളെ വളർത്തിയെടുക്കാനുള്ള പ്രതിബദ്ധത ഏഷ്യൻ സ്‌കൂൾ വീണ്ടും ഉറപ്പിച്ചു. സ്ഥാപകൻ വിഭാവനം ചെയ്ത പാതയെ പ്രകാശിപ്പിക്കുന്ന മൂല്യങ്ങളാണിവ.

Content Highlights: Bahrain Asian School celebrated its founder’s legacy through inter-school literary contests, a charity mini fair supporting the Smile Initiative, and student performances.