ജിസിസി ഉച്ചകോടിക്ക് ബുധനാഴ്ച ബഹ്റൈനില്‍ തുടക്കം

മനാമ: 46 മത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിക്ക് ബുധനാഴ്ച ബഹ്റൈനില്‍ തുടക്കമാകും. ജിസിസി രാഷ്ട്രങ്ങളുടെ തലവന്മാരെ സ്വീകരിക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.' ഗള്‍ഫ് ഐക്യമാണ് നമ്മുടെ ലക്ഷ്യം, നമ്മുടെ ജനങ്ങളുടെ ഐക്യമാണ് നമ്മുടെ തുടക്കം', 'ശോഭനമായ ഭാവിയിലേക്ക് ഒരുമിച്ച്' തുടങ്ങിയ പ്രമേയത്തിലുള്ള ബാനറുകളും മറ്റും നഗരവീഥികളില്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെയും ജിസിസി നേതാക്കളെയും സ്വാഗതം ചെയ്യുന്ന ബാനറുകളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ആറ് അംഗരാജ്യങ്ങളുടെ പതാകകളുമെല്ലാം നിരന്നിട്ടുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ട ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം ഈ മാസം 16 വരെ തുറന്നിരിക്കുമെന്ന് ജിസിസി പവിലിയന് മേധാവി വലീദ് അല്‍ ഹമൂദ് പറഞ്ഞു.
എട്ടാം തവണയാണ് ബഹ്റൈന്‍ ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 1981 മേയ് 25 ന് ആറ് രാജ്യങ്ങള്‍ ചേര്‍ന്നാണ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ജിസിസിയുടെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദിലാണ്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹറൈന്‍ എന്നിവയാണ് അംഗരാജ്യങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയും സൈനിക -രാഷ്ട്രീയ സഹകരണവുമാണ് മുഖ്യ ലക്ഷ്യം
Content Highlights: Bahrain welcomes leaders for the 46th GCC Summit