അഡ്വ: ഷാഹിന പാലക്കാടന്‍ പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍

അഡ്വ: ഷാഹിന പാലക്കാടൻ
അഡ്വ: ഷാഹിന പാലക്കാടൻ

മനാമ: പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഗ്ലോബല്‍ കോര്‍ഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടന്‍ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടന്‍ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സേവന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നു.

കേരളത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍, വൈസ് ചെയര്‍ പേഴ്‌സണ്‍ തുടങ്ങിയ സ്ഥാനങ്ങളോടൊപ്പം രാജീവ് യൂത്ത് ഫൗണ്ടേഷന്‍, ഐ.എന്‍.ഒ.എച്ച്.ആര്‍.പി. തുടങ്ങിയ സംഘടനകളുടെ ലീഗല്‍ അഡൈ്വസര്‍, സംസ്ഥാന ഭാരവാഹി, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ചുമതലകള്‍ തുടങ്ങിയവയും നിര്‍വ്വഹിച്ചിട്ടുണ്ട്.

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. നിലവില്‍ വിദേശ ജോലികളുടെ മറവില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന മനുഷ്യക്കടത്തുകള്‍ക്കിരയായ നിരവധി പ്രവാസികള്‍ക്കാണ് ഇതിനോടകം പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വി

ദേശത്തേക്കുള്ള തൊഴില്‍ തട്ടിപ്പുകള്‍ തടയാന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലും പ്രവാസി ലീഗല്‍ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സര്‍ക്കാരിനുള്ള നിര്‍ദേശവും ലീഗല്‍ സെല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നല്‍കിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളെ കേരള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി കേരള സര്‍ക്കാരിന് നിര്‍ദ്ദേശിച്ചത് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ്.