പ്രവാസികൾക്കായി 'ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി' ഒക്ടോബർ 31 മുതൽ

#അശോക് കുമാർ
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ
സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ

മനാമ: പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹ്‌റൈന്റെ 'ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി' (നാഷണൽ ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാം) ഒക്ടോബർ 31-ന് ആരംഭിക്കും. ബഹ്‌റൈനിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ സുപ്രധാന നാഴികക്കല്ലാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ അറിയിച്ചു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും.

സമഗ്രമായ ഇൻഷുറൻസ് ചട്ടക്കൂടിലൂടെ താമസക്കാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനും ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് വഴി അർഹരായ താമസക്കാർക്ക് പ്രാഥമിക-ദ്വിതീയ ആരോഗ്യ പരിരക്ഷകൾ, അടിയന്തര ചികിത്സകൾ, അപകടങ്ങൾക്കുള്ള ചികിത്സ എന്നിവ ലഭ്യമാകും. കൂടുതൽ ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലുടമകൾക്കും അധിക ഇൻഷുറൻസ് പാക്കേജുകൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും.

ഗാർഹിക തൊഴിലാളികൾ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ, ഇവരുടെ ആശ്രിതർ എന്നിവരൊഴികെയുള്ള താമസക്കാർക്കാണ് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. തൊഴിൽ, താമസ വിസകൾ നൽകുന്നതും പുതുക്കുന്നതുമായി ഇൻഷുറൻസിനെ ബന്ധിപ്പിക്കുന്നത് വഴി പരിരക്ഷയുടെ തുടർച്ച ഉറപ്പാക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സാധിക്കുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.

Content Highlights: Bahrain's National Health Insurance Program launches on October 31., Provides mandatory primary, secondary, emergency, and accident care for eligible residents., Linked with work and residence visa issuance and renewal processes., Optional extra insurance packages available for employees and employers.