സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | യാത്രാവാണി | Travelogue
ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരു നായയുടെ പേര്… ദിവസങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. അതേ പേര് വർഷങ്ങൾക്കു മുൻപ് നടന്ന മറ്റൊരു ഹൃദയസ്പർശിയായ കഥയിലേക്കും വഴിതുറന്നു. ഒടുവിൽ ആ ഓർമ പിന്തുടർന്ന യാത്ര ചെന്നെത്തിയത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടത്തേക്ക്. മരുത്വാമലയിൽ നിന്ന് ഇറങ്ങി തിരുവനന്തപുരത്തെത്തിയ ജി.ജ്യോതിലാലിന്റെ മനസ്സിൽ അവിടത്തെ കാഴ്ചകളും കന്യാകുമാരിയുടെ പ്രകൃതിഭംഗിയും മാത്രമായിരുന്നില്ല. മരുത്വാമലയിൽ വഴികാട്ടിയായി കൂടെയുണ്ടായിരുന്ന ഭൈരവൻ എന്ന നായയുടെ ഓർമയും ഒപ്പമുണ്ടായിരുന്നു.
ഭൈരവന്റെ നിഷ്കാമമായ സ്നേഹം ഓർത്തിരിക്കുമ്പോഴാണ് നടൻ സമുദ്രക്കനി ഒരിക്കൽ പങ്കുവെച്ച ഒരു ജീവിതാനുഭവം ഓർമയിലെത്തിയത്. അവിടെയും നായയുടെ പേര് ഭൈരവൻ തന്നെ. സിനിമയോടുള്ള കടുത്ത താൽപര്യമുണ്ടായിരുന്ന ഒരു ബാലൻ. പഴയ തിയേറ്റർ. അകത്ത് കയറാൻ കഴിയാതെ പുറത്തുനിന്ന് സിനിമയുടെ സംഭാഷണങ്ങൾ മാത്രം കേൾക്കുന്ന ദിവസങ്ങൾ. ആ ബാലനൊപ്പം എപ്പോഴും ഉണ്ടായിരുന്ന ഒരു നായ.
ഒരു ദിവസം ആ ബാലൻ നാടുവിടാൻ തീരുമാനിച്ചു.അവൻ ബസിൽ കയറി. പക്ഷേ കൂടെ വരാൻ ശ്രമിച്ച ആ കൂട്ടുകാരനെ ബസ് ജീവനക്കാർ തിരിച്ചിറക്കി. അതിനുശേഷം നടന്നതും, ആ ബാലൻ തിരികെ നാട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയുമാണ് ഈ ഓർമയെ കൂടുതൽ വേദനിപ്പിക്കുന്നതാക്കിയത്. ആ ഓർമയിൽ നിന്ന് ജ്യോതിലാലിന്റെ യാത്ര മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു.ലക്ഷ്യം തിരുവനന്തപുരത്തുനിന്ന് അധികം ദൂരെയല്ല.
വലിയൊരു കവാടം കടന്നാൽ ആദ്യം വരവേൽക്കുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മുത്തശ്ശി പ്ലാവ്. അതിനപ്പുറം താഴേക്ക് ഇറങ്ങുന്ന പടികൾ. പിന്നെ ഒരു ചെറിയ വീട്. ഇവിടെയാണ് ഒരിക്കൽ ‘നാണു’ ജനിച്ചത്. പിന്നീട് ആ നാണു കേരളത്തിന്റെ സാമൂഹിക ചിന്തയെയും നവോത്ഥാനത്തെയും സ്വാധീനിച്ച ഒരു മഹത്തായ ജീവിതമായി മാറി.
ആ ചെറിയ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ, മരുത്വാമലയിൽ തുടങ്ങിയ യാത്രയ്ക്ക് മറ്റൊരു അർഥം ലഭിക്കുകയായിരുന്നു. കേൾക്കാം യാത്രാവാണി , ജി.ജ്യോതിലാലിനൊപ്പം. നിർമ്മാണം: ആർ ജെ അച്ചൂ
Content Highlights: Journey from Maruthwamala to Chempazhanthy, exploring Sree Narayana Guru’s birthplace, Vayalvaram House, Kerala’s renaissance history, Bhairavan’s story and Samuthirakani’s memories, with G. Jyothilal in Yathravaani Episode 107.