വിലക്കയറ്റത്തിൽ കേരളം വീർപ്പുമുട്ടുമ്പോൾ

അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചുയരുമ്പോൾ കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് താങ്ങാനാവാത്ത നിലയിലേക്കുനീങ്ങുകയാണ്. സാധാരണക്കാരന്റെ സാമ്പത്തികഭദ്രതയെ താറുമാറാക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തെ ഉത്തരവാദപ്പെട്ടവർ വേണ്ട ഗൗരവത്തോടെ എടുത്തിട്ടുണ്ടോ എന്ന് സംശയം. നവംബർ 12-ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾപ്രകാരം കേരളത്തിലെ ഭക്ഷ്യവിലക്കയറ്റത്തോത് 10.92 ശതമാനമായി ഉയർന്നിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യവിലക്കയറ്റം നേരിടുന്ന അഞ്ചാമത്തെ സംസ്ഥാനമായി കേരളം മാറി. പതിവ് വിപണി ചാഞ്ചാട്ടങ്ങൾക്കപ്പുറം ഇതിനുപിന്നിൽ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങളുണ്ടെന്നത് നാം ഗൗരവമായി കാണേണ്ടതുണ്ട്. വർഷങ്ങളായി കേരളത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ വലിയൊരു പരിധിവരെ അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിറവേറ്റുന്നത്. ആന്ധ്രപ്രദേശിലും കർണാടകത്തിലും തെലങ്കാനയിലുമുണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളും എൽനിനോ പ്രതിഭാസവും മഴക്കുറവിനിടയാക്കുകയും നെല്ലുത്‌പാദനത്തെ ബാധിച്ചിരിക്കുകയുമാണ്. കർണാടകത്തിൽമാത്രം നാലുലക്ഷത്തിലധികം ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ മൂന്നു മാസത്തെ ഇടവേളയിൽ പൊന്നി അരിക്കുമാത്രം 30 രൂപയോളം വർധിച്ച് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായി. 50 രൂപയായിരുന്ന വടി മട്ടയ്ക്ക് 15 രൂപ വർധിച്ച് 65 രൂപയിലെത്തി. പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഓഗസ്റ്റിൽ 45 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 70 രൂപവരെയായി. ചെറിയ ഉള്ളിയുടെ വില 80-ൽ നിന്ന് ഇരട്ടിയിലേറെയായി. ഉഴുന്ന്, കടല, ചെറുപയർ തുടങ്ങിയ പയറുവർഗങ്ങൾക്കെല്ലാം വലിയ വിലവർധനയാണ്.

കേരളത്തിന്റെ ഭക്ഷ്യധാന്യ ആവശ്യത്തിന്റെ 15 ശതമാനം മാത്രമാണ് ആഭ്യന്തര ഉത്‌പാദനത്തിലൂടെ നിറവേറ്റുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2026-ലെ വികസന റിപ്പോർട്ട് വ്യക്തമാക്കുന്നു. ആന്ധ്രയിലോ തമിഴ്‌നാട്ടിലോ കർണാടകത്തിലോ ഉണ്ടാകുന്ന കാർഷിക പ്രതിസന്ധി കേരളത്തിന്റെ അടുക്കളകളിലേക്ക് നേരിട്ടു കടന്നുവരുന്നു. അവിടങ്ങളിലെ വിളവെടുപ്പിലുണ്ടാകുന്ന കുറവ്, ഗതാഗതത്തിലെ തടസ്സങ്ങൾ, കയറ്റുമതിയിലെ മാറ്റങ്ങൾ, ഉത്‌പാദനച്ചെലവിലെ വർധന എന്നിവയെല്ലാം ഇവിടത്തെ വിപണിയിൽ വിലവർധനയ്ക്കുള്ള കാരണങ്ങളാകുന്നു. സ്വന്തം ഭക്ഷ്യാവശ്യങ്ങൾക്കായി ഇതരസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടം കേരളം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാധാരണക്കാർക്ക് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ സർക്കാർ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപണി ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണം.

അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിൽക്കുന്നതിലൂടെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയണം. ഇതോടൊപ്പം കരിഞ്ചന്തയും പൂഴ്ത്തിെവപ്പും കൃത്രിമ വിലക്കയറ്റവും തടയാൻ ശക്തമായ വിപണി നിരീക്ഷണം വേണം. സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്; അടുത്ത ജനുവരി 31 വരെയാണ് ഈ അധികാരം. മൊത്തവ്യാപാരികളിൽനിന്ന് ചില്ലറ വ്യാപാരികളിലേക്കുള്ള വിതരണശൃംഖലയിൽ എവിടെയാണ് അനാവശ്യ വിലവർധന സംഭവിക്കുന്നതെന്ന് കണ്ടെത്തണം. വിലനിലവാരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും അമിതവില ഈടാക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുകയും വേണം. താത്‌കാലിക വിപണി ഇടപെടലുകൾക്കപ്പുറം കേരളം ദീർഘകാല കാർഷികനയം രൂപപ്പെടുത്തേണ്ടതുണ്ട്. നെൽക്കൃഷി സംരക്ഷിക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഉത്‌പാദനത്തിൽ സ്ഥിരമായ വളർച്ച ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കർഷകക്കൂട്ടായ്മകൾ, സഹകരണ സംഘങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് ഓരോ പ്രദേശത്തിന്റെയും ആവശ്യത്തിനനുസരിച്ചുള്ള കൃഷി ആസൂത്രണം ചെയ്യണം. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള കൃഷിരീതികൾ പ്രോത്സാഹിപ്പിച്ചും തരിശുഭൂമികൾ കൃഷിയോഗ്യമാക്കിയും സ്വയംപര്യാപ്തതയിലേക്കുനീങ്ങുക എന്നതുമാത്രമാണ് ഈ പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം.