ഭംഗിയാകട്ടെ മണ്ഡലകാലം

വീണ്ടുമൊരു മണ്ഡലകാലം എത്തുന്നു. നവംബർ 17-ന് വൃശ്ചികപ്പുലരിയിൽ തുടങ്ങി ജനുവരി 20 വരെ തുടരുന്നതാണ് മണ്ഡലകാലം. ജനുവരി 14-നാണ് മകരവിളക്ക്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തജനലക്ഷങ്ങൾ കേരളത്തിലേക്ക് ഈ തീർത്ഥാടനകാലത്ത് ഒഴുകും. ഒരുക്കങ്ങളും സൗകര്യങ്ങളും പലപ്പോഴും അവസാന നിമിഷമാണ് അവലോകനം ചെയ്യാറ്. അതിന് ഇക്കുറിയെങ്കിലും മാറ്റമുണ്ടാവുമെന്ന് പ്രത്യാശിക്കാം.

പമ്പയിൽ ഇത്തവണ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ശൗചാലയം കോംപ്ലക്സുകൾ ഇത്തവണ ദേവസ്വംബോർഡ് നേരിട്ടു നടത്തുന്നു. നാലു കോംപ്ലക്സുകളിൽ മൂന്നെണ്ണം പുരുഷന്മാർക്കും ഒരെണ്ണം സ്ത്രീകൾക്കും. ആസിഡ് വാഷ് ഉൾപ്പെടെയുള്ള ജോലികൾ തീരാനുണ്ട്. ശൗചാലയം ഉപയോഗം ഇത്തവണ സൗജന്യമാണ്. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ മാലിന്യം നീക്കാൻ ഇത്തവണ ക്ലീൻകേരള കമ്പനിയെയാണ് ഏൽപ്പിച്ചത്. മൂന്നിടത്തുനിന്നുമായി 104 ടണ്ണിലധികം മാലിന്യം നീക്കിയെന്നു പറയുന്നത് ഞെട്ടിക്കുന്നതാണ്. പതിറ്റാണ്ടുകളായി അവശേഷിക്കുന്നതും ഇതിലുണ്ട്.

വലിയ പാർക്കിങ് സൗകര്യം ബേസ് ക്യാമ്പായ നിലയ്ക്കലാണ്. തിരക്കു നിയന്ത്രിക്കുന്നതിനായി ഇവിടെ മൂന്നു ജർമൻ പന്തലുകൾ ഒരുക്കുകയാണ്. രണ്ടെണ്ണം പൂർത്തിയായി. മൂന്നാമത്തേതിന്റെ പണി നടക്കുന്നു. ഓരോ പന്തലിലും രണ്ടായിരം പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് ദേവസ്വംബോർഡ് പറയുന്നത്. പമ്പയിലെയും സന്നിധാനത്തെയും തിരക്കുനോക്കിയാകും നിലയ്ക്കലിൽനിന്ന് ആളെ വിടുക. ഇത്തവണ നിർമിതബുദ്ധി(എ.ഐ.) ക്യാമറകളുടെ സഹായത്തോടെ സ്മാർട്ട് പാർക്കിങ് സംവിധാനമാണ് നിലയ്ക്കലിൽ ഒരുക്കുന്നത്. ബസുകൾ ഉൾപ്പെടെ പതിനായിരം വണ്ടികളെ നിലയ്ക്കലിൽ ഉൾക്കൊള്ളാനാകുമെന്നാണ് പ്രതീക്ഷ. മികച്ച പദ്ധതികൾ പരിഗണനയിലുണ്ടായാൽ പോരാ, അത് കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയും വേണം. അക്കാര്യത്തിലെ പോരായ്മയാണ് ശബരിമലയിൽ പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നത്. സർക്കാരും വിവിധ വകുപ്പുകളും ദേവസ്വംബോർഡും അതിലെ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കണം ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കണം. പരസ്പരം പഴിചാരുന്നതിനോ പരസ്പരം പരാജയപ്പെടുത്തുന്നതിനോ ആരും ശ്രമിക്കരുത്.

തിരക്കുനിയന്ത്രിക്കാൻ കഴിയാതെ വരുക, മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുക, അപ്പം, അരവണ ക്ഷാമം എന്നിവയാണ് മിക്ക വർഷങ്ങളിലും ശബരിമലയിൽ പ്രശ്നമാകാറുള്ളത്. എരുമേലിക്കും നിലയ്ക്കലിനും ഇടയിൽ മണിക്കൂറുകളോളം കാടിനുള്ളിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ തടഞ്ഞിടുന്നത് മുൻകാലങ്ങളിൽ പലതവണയുണ്ടായി. കുടിവെള്ളവും ലഘുഭക്ഷണവും ഇല്ലാതെ കുട്ടികൾ അടക്കം പ്രയാസപ്പെടുന്ന ദുരിതം ഒരിക്കലും ആവർത്തിക്കരുത്. സന്നിധാനം, എരുമേലി, പത്തനംതിട്ട തുടങ്ങിയ പ്രധാന ക്യാമ്പുകളുമായി മികച്ച ഏകോപനം ഇല്ലാതെ പോകുന്നതാണ് ഈ വഴിയിലെ കുരുക്കിന് കാരണം. പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് തീർഥാടകയാത്ര സുഗമമാക്കണം.

ഇത്തവണ അരവണ പ്ലാന്റിന്റെ ശേഷി പ്രതിദിനം മൂന്നരലക്ഷം ടിന്നാക്കിയിട്ടുണ്ട്. ഇതു കൂടാതെ അമ്പതുലക്ഷം ടിൻ കരുതൽ ശേഖരമുണ്ടാകുമെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറയുന്നു. സാധാരണ നാലുലക്ഷത്തോളം ടിന്നാണ് ദിവസേന ആവശ്യംവരുക. ചിത്തിര ആട്ടവിശേഷം നടന്ന നവംബർ ആറിന് അപ്പം തീർന്നുപോയത് അധികൃതരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്തുവരുന്നവരുടെയും സ്പോട്ട് ബുക്കിങ്ങിലൂടെ വരുന്നവരുടെയും എണ്ണം മുൻകൂട്ടി കൃത്യമായി അറിയാമെന്നിരിക്കേ, അരവണയും അപ്പവും കിട്ടാതെ ഭക്തർ മടങ്ങേണ്ടിവരുന്ന സാഹചര്യം ന്യായീകരിക്കാവുന്നതല്ല.

ദേവസ്വംബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുറെ പരിഷ്കാരങ്ങൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അതിനൊപ്പം ചലിക്കാൻ സംവിധാനത്തിനു കഴിഞ്ഞോ എന്നു സംശയം തോന്നാം. എല്ലാ വൃശ്ചികം ഒന്നിനും മണ്ഡലകാലം ആരംഭിക്കുമെന്ന് അറിയാമായിരുന്നിട്ടും ഒരുക്കങ്ങൾ തുടങ്ങുക മൂന്നോനാലോ മാസം മുൻപുമാത്രമാണ്. പിന്നെയൊരു ഓട്ടമാണ്. തിരക്കിട്ടു ചെയ്യുമ്പോൾ എല്ലാം ഭംഗിയാകില്ല. ചിലതൊക്കെ ബാക്കിയാകും. ഇത്തവണത്തെ തീർഥാടനം കഴിഞ്ഞാലും ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണം. ഒരു കാര്യം കൂടി, കാനന തീർഥാടകേന്ദ്രമെന്ന പവിത്രത അടിസ്ഥാനശിലയായി നിലനിൽക്കുന്ന രീതിയിലാകണം ശബരിമലയിലെ ഓരോ നീക്കവും.