ഇ-മാലിന്യമുക്ത കേരളം: വഴികാട്ടട്ടെ വയനാട്

വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചത് പരിസ്ഥിതിസംരക്ഷണ ചരിത്രത്തിൽ ശ്രദ്ധേയമായ നാഴികക്കല്ലാണ്. ഡിജിറ്റൽ യുഗത്തിന്റെ അനിവാര്യ ഉപോത്പന്നമായ ഇലക്ട്രോണിക് മാലിന്യം ഭൂമിക്കും മനുഷ്യനും വലിയ ഭീഷണിയുയർത്തുന്ന ഇക്കാലത്ത്, പരിസ്ഥിതിലോലപ്രദേശമായ വയനാട് കൈവരിച്ച ഈ നേട്ടം കേരളത്തിനു മുഴുവൻ വലിയൊരു മാതൃകയാണ്. സംസ്ഥാനവ്യാപകമായി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഈ മാതൃക ഏറ്റെടുക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയും ഹരിതകർമസേനയും ഒത്തുചേർന്നുനടത്തിയ കൂട്ടായ പ്രവർത്തനമാണ് വയനാടിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ജില്ലയിൽനിന്ന് 102.85 ടൺ ഇ-മാലിന്യം ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറി. വരുംകാലത്തെ വലിയ പരിസ്ഥിതിഭീഷണിയാണ് ഇ-മാലിന്യം എന്ന മുന്നറിയിപ്പുകൂടിയാണ് ഈ ദൗത്യം മുന്നോട്ടുവെക്കുന്നത്. കാലഹരണപ്പെട്ട മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ചാർജറുകൾ, കേബിളുകൾ, ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, ഇലക്ട്രിക് കളിപ്പാട്ടങ്ങൾ, മെഡിക്കൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, എൽ.ഇ.ഡി. ബൾബുകൾ എന്നിവയെല്ലാം ഇ-മാലിന്യമായി മാറുന്നു. ഇതിനുപുറമേ, പുനരുപയോഗ ഊർജരംഗത്തെ മുന്നേറ്റത്തിന്റെ ഭാഗമായി വ്യാപകമായി സ്ഥാപിക്കപ്പെടുന്ന സോളാർ പാനലുകൾ, ഇൻവെർട്ടറുകൾ, ലിഥിയം-അയേൺ ബാറ്ററികൾ എന്നിവയുടെ ആയുസ്സുകഴിയുമ്പോൾ ഉണ്ടായേക്കാവുന്ന മാലിന്യത്തിന്റെ അളവ് ഭാവിയിൽ കേരളത്തിന് വലിയവെല്ലുവിളിയാകും.
ലെഡ്, മെർക്കുറി, കാഡ്മിയം, ബെറിലിയം തുടങ്ങിയ മാരകരാസവസ്തുക്കളും ഘനലോഹങ്ങളും അടങ്ങിയതാണ് ഇ-മാലിന്യം. ശാസ്ത്രീയമല്ലാത്ത രീതിയിൽ ഇവ പൊതു ഇടങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയുമ്പോഴും പ്ലാസ്റ്റിക്കിനൊപ്പം കൂട്ടിയിട്ട് കത്തിക്കുമ്പോഴും ഇവ മണ്ണിലും കുടിവെള്ളത്തിലും വായുവിലും കലരുന്നു. ഇത് കാൻസർ, നാഡീവ്യൂഹ തകരാറുകൾ, വൃക്കരോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. ഇ-മാലിന്യം സാധാരണ മാലിന്യത്തിനൊപ്പം വലിച്ചെറിയരുതെന്നും അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് വലിയ വിപത്താണെന്നുമുള്ള തിരിച്ചറിവ് സമൂഹത്തിലുണ്ടാകണം. സംസ്ഥാനത്ത് ഒരുവർഷം എത്ര ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിന് കൃത്യവും സമഗ്രവുമായ കണക്ക് ലഭ്യമാകേണ്ടതുണ്ട്. ഇ-മാലിന്യമുക്ത വയനാട് എന്നത് ഒരു നിശ്ചിത കാലയളവിൽ മാലിന്യം ശേഖരിച്ച് മാറ്റിയതിന്റെ പേരിലുള്ള പ്രഖ്യാപനമായി അവസാനിക്കരുത്. ഭാവിയിൽ ഇത്തരം മാലിന്യം ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യപ്പെടുന്ന ഒരു സംസ്കാരം അവിടെ വളർന്നുവരണം.ഈ ദൗത്യം സംസ്ഥാനവ്യാപകമാക്കാൻ ക്ലീൻ കേരള കമ്പനിയുടെ അടിസ്ഥാനസൗകര്യങ്ങൾ ഇനിയും വിപുലീകരിക്കേണ്ടതുണ്ട്. ശേഖരിക്കുന്ന ഇ-മാലിന്യം തരംതിരിക്കാനും പുനരുപയോഗ സാധ്യമായവ വേർതിരിക്കാനും അപകടകരമായ ഘടകങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനും വേണ്ടത്ര സംവിധാനങ്ങൾ സജ്ജമാക്കണം. ജനങ്ങളുടെ ജാഗ്രതയും തദ്ദേശസ്ഥാപനങ്ങളുടെ ഏകോപനവും ആധുനിക സംസ്കരണ സാങ്കേതികവിദ്യകളും ഒത്തുചേർന്നാൽ കേരളത്തെ സമ്പൂർണ ഇ-മാലിന്യമുക്ത സംസ്ഥാനമാക്കിമാറ്റാൻ സാധിക്കും. അതിനായുള്ള ദീർഘവീക്ഷണത്തോടെയുള്ള സംസ്ഥാനതല കർമപദ്ധതികൾ ഇനിയെങ്കിലും അടിയന്തരമായി രൂപപ്പെടുത്തേണ്ടതുണ്ട്.