വനത്തിലെ ‘കള്ളക്കളി’ അവസാനിപ്പിക്കണം.

കാടിനെ സംരക്ഷിക്കേണ്ടവർതന്നെ അതിന്റെ ജൈവവ്യവസ്ഥയെ തകർക്കുന്ന അധിനിവേശ സസ്യങ്ങൾക്ക് വളംവെച്ചുകൊടുക്കുന്ന വിചിത്രമായ കാഴ്ചയാണ് പശ്ചിമഘട്ട മലനിരകളിൽനിന്ന് പുറത്തുവരുന്നത്. വന്യജീവികളുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനായി വെട്ടിമാറ്റിയ യൂക്കാലിത്തോട്ടങ്ങൾ വീണ്ടും തഴച്ചുവളരാൻ വനം വികസന കോർപ്പറേഷനും വനംവകുപ്പും കൂട്ടുനിൽക്കുന്നത് അതിഗൗരവകരമാണ്.മുറിച്ചുമാറ്റിയ യൂക്കാലി മരങ്ങളുടെ കുറ്റിക്കിളിർപ്പുകൾ നിലനിർത്തി (കോപ്പിസിങ്) വനം വികസന കോർപ്പറേഷൻ വീണ്ടും ഏകവിളത്തോട്ടങ്ങൾ വളരാൻ വഴിയൊരുക്കുന്നത് അപലപനീയമാണ്. ‘സ്വാഭാവിക പുനരുജ്ജീവനം’ എന്ന് ഓമനപ്പേരിട്ട് വരൾച്ചയുടെ വിത്തുകൾ വളർത്തുന്ന കള്ളക്കളി നാടിനു ഭീഷണിയും വനനയങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. കൊല്ലം പുനലൂരിനടുത്ത പെരുന്തോയിൽ ആനപ്പാറയിലും മൂന്നാറിലെ മീശപ്പുലിമലയിലും തൃശ്ശൂരിലെ വിവിധ മേഖലകളിലുമെല്ലാം സർക്കാർ രേഖകളിൽപ്പോലും ഇല്ലാത്ത രീതിയിൽ യൂക്കാലിയും മാഞ്ചിയവും അക്കേഷ്യയും വളർന്നുപന്തലിക്കുകയാണ്. 2024-ൽ കാടിനുള്ളിൽ യൂക്കാലി നടാൻ കെ.എഫ്.ഡി.സി.ക്ക് നൽകിയ അനുമതി, മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ, പുതിയ തൈകൾ നടുന്നില്ലെന്ന സാങ്കേതികന്യായം പറഞ്ഞ്, മുറിച്ച കുറ്റികളിൽനിന്ന് കിളിർത്തുവരുന്നവയെ പരിപാലിച്ച് വൻതോട്ടങ്ങളാക്കി മാറ്റുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണ്.
1988-ലെ ദേശീയ വനനയം ഊന്നിപ്പറയുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമാണ്. ദീർഘകാല ശാസ്ത്രീയപഠനങ്ങളില്ലാതെ വിദേശയിനം സസ്യങ്ങൾ സ്വാഭാവിക വനങ്ങളിൽ വെച്ചുപിടിപ്പിക്കരുതെന്ന് കേന്ദ്രനയം വ്യക്തമായി നിഷ്കർഷിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്, 2021-ൽ കേരളസർക്കാർ ആവിഷ്കരിച്ച പരിസ്ഥിതി പുനഃസ്ഥാപന നയം അധിനിവേശ സസ്യങ്ങളെ ഘട്ടംഘട്ടമായി ഉന്മൂലനംചെയ്യാൻ ലക്ഷ്യമിടുന്നതാണ്. യൂക്കാലി, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയവ വെട്ടിമാറ്റി പകരം മാവ്, പ്ലാവ്, കാട്ടുനെല്ലി, ഞാവൽ, അത്തി തുടങ്ങിയ തനത് ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്നാണ് സംസ്ഥാന നയം പറയുന്നത്. മൃഗങ്ങൾക്ക് ഇവ ഭക്ഷണമൊരുക്കും. ഈ നയങ്ങളെല്ലാം കടലാസിലൊതുക്കി സാമ്പത്തിക ലാഭംമാത്രം ലക്ഷ്യമിട്ട് ഏകവിളത്തോട്ടങ്ങൾ നിലനിർത്താനാണ് ഉദ്യോഗസ്ഥതലത്തിൽ ശ്രമം നടക്കുന്നത്. കോർപ്പറേഷന്റെ നിലനിൽപ്പിനായി, വേഗം വളരുന്ന അക്കേഷ്യയും മറ്റും വെട്ടിവിറ്റ് ലാഭമുണ്ടാക്കാനുള്ള കച്ചവടക്കണ്ണാണ് ഇതിനു പിന്നിൽ. യൂക്കാലി, അക്കേഷ്യ തുടങ്ങിയ അധിനിവേശ മരങ്ങൾ വനത്തിനുള്ളിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്. ഭൂഗർഭജലം വൻതോതിൽ വലിച്ചെടുക്കുന്ന ഇവ കാടിനുള്ളിലെ നീർച്ചാലുകളെയും അരുവികളെയും അതിവേഗം വറ്റിക്കുന്നു. ‘ജലചൂഷകർ’ എന്നറിയപ്പെടുന്ന ഇത്തരം മരങ്ങൾ വേനൽക്കാലത്ത് കാടിനെ കടുത്ത വരൾച്ചയിലേക്ക് തള്ളിവിടും.
അധിനിവേശ സസ്യങ്ങൾ വളരുന്ന ഇടങ്ങളിൽ മണ്ണിന്റെ ഘടന മാറുകയും മറ്റ് അടിക്കാടുകളോ പുല്ലുകളോ വളരാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. കാടിനുള്ളിൽ തീറ്റയും വെള്ളവും ഇല്ലാതാകുന്നതോടെ ആനയും കാട്ടുപോത്തും മ്ലാവുമെല്ലാം കൂട്ടത്തോടെ നാട്ടിലിറങ്ങാൻനിർബന്ധിതരാകും. മനുഷ്യന്റെയും വന്യജീവികളുടെയും ജീവൻ ഒരുപോലെ അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉണ്ടാകുന്നത്. പത്തനാപുരം കടശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ രാജമ്മ എന്ന വയോധിക കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് യൂക്കാലിത്തോട്ടത്തിന് സമീപംവെച്ചാണ് എന്നത് ഇതിന്റെ നേർസാക്ഷ്യമാണ്. കാടിനും ജനവാസമേഖലയ്ക്കും ഇടയിലുള്ള ബഫർ സോണുകളായി പ്രവർത്തിക്കേണ്ട മേഖലകളിലാണ് ഏകവിളത്തോട്ടങ്ങൾ നിറയുന്നത്. സാമ്പത്തിക ലാഭത്തെക്കാൾ വലുതാണ് പരിസ്ഥിതിസംരക്ഷണവും മനുഷ്യജീവനും എന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാകണം. മുറിച്ചുമാറ്റിയ യൂക്കാലി, അക്കേഷ്യ കുറ്റികളിൽനിന്നുള്ള കിളിർപ്പുകൾ ശാസ്ത്രീയമായി നശിപ്പിച്ച് അവയുടെ പുനരുജ്ജീവനം പൂർണമായും തടയണം. 2021-ലെ പരിസ്ഥിതി പുനഃസ്ഥാപന നയം അക്ഷരംപ്രതി നടപ്പാക്കി തനതുവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ വനംവകുപ്പും കെ.എഫ്.ഡി.സി.യും അടിയന്തര നടപടി സ്വീകരിക്കണം. കാടിനെ ജൈവികബന്ധമില്ലാത്ത ‘പച്ച മരുഭൂമികളാക്കി’മാറ്റുന്ന അധിനിവേശ സസ്യങ്ങളെ വേരോടെ പിഴുതെറിയാതെ മനുഷ്യ-വന്യജീവി സംഘർഷത്തിനോ ജലക്ഷാമത്തിനോ ശാശ്വത പരിഹാരം കാണാനാവില്ല.