കനത്ത മഴയിൽ കുരമ്പാലയിൽ കൃഷിയിടം മുങ്ങി

മുക്കോടി ഷട്ടർ ഉയർത്താനായില്ല
പന്തളം : അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കരിങ്ങാലി വലിയതോട്ടിലെ മുക്കോടി ഷട്ടർ ഉയർത്താൻ കഴിയാത്തതിനാൽ വ്യാപക കൃഷിനാശം. വ്യാഴാഴ്ച വൈകീട്ടുപെയ്ത ശക്തമായ മഴയിലാണ് വലിയതോട്ടിൽ പെട്ടെന്ന് ജലനിരപ്പുയർന്നത്. വലിയതോടിന്റെ മുക്കോടി ഭാഗത്തുള്ള ഷട്ടർ വെള്ളം തിരിക്കാനായി താഴ്ത്തി ഇട്ടിരിക്കുകയായിരുന്നു. ഇത് കരകവിഞ്ഞ് സമീപത്തുള്ള മണ്ണുവേലിൽ, പുതുവാക്കൽ പാടത്തേക്ക് വെള്ളം ഒഴുകുകയായിരുന്നു. കുരമ്പാല സ്വദേശികളായ ഭാസി, സോമൻ, ശങ്കരൻ, ശശി എന്നിവരുടെ വെറ്റിലക്കൊടിക്ക് നാശമുണ്ടായിട്ടുണ്ട്. കുരമ്പാല സ്വദേശി ഗോകുലിന്റെ മീൻകുളത്തിലെ മീൻ ഒലിച്ചുപോവുകയും ചെയ്തു. കപ്പത്തോട്ടത്തിലും വാഴത്തോട്ടത്തിലും ബാക്കി കൃഷിയിടങ്ങളിലെല്ലാം വെള്ളം രാത്രി മുഴുവൻ കെട്ടിനിന്നു.
രാത്രിതന്നെ നഗരസഭാ കൗൺസിലർ വിമൽ പ്രസാദിന്റെ നേതൃത്വത്തിൽ ഷട്ടർ ഉയർത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയിട്ടും ഫലമുണ്ടായില്ലെന്ന് വിമൽ പ്രസാദ് പറഞ്ഞു. നഗരസഭാ ചെയർ പേഴ്‌സൺ എം.ആർ. കൃഷ്ണകുമാരി, കൗൺസിലർ കൈലാസ് ഉണ്ണികൃഷ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ജലസേചന വകുപ്പധികാരികളെത്തിയാണ് ഷട്ടർ ഉയർത്തി തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്.