പന്തളത്തുനിന്ന് പമ്പയിലേക്ക് ബസ് വേണം -കെ. മുരളീധരൻ

പന്തളം : മണ്ഡല-മകരവിളക്ക് കാലത്ത് പന്തളത്തുനിന്ന് പമ്പയ്ക്ക് ആവശ്യാനുസരണം ബസുകൾ ക്രമീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പന്തളത്ത് നടന്ന തീർഥാടന അവലോകനയോഗത്തിലാണിത് പരാമർശിച്ചത്.
ഇപ്പോൾ രാത്രി ഒരു ബസാണ് പന്തളത്തുനിന്ന് പമ്പയ്ക്ക് സർവീസ് നടത്തുന്നത്. ബസ് അനുവദിച്ചതല്ലാതെ ഇതുവരെ എത്തിയിട്ടുമില്ല. ഇടത്താവളത്തിൽ വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ചചെയ്തു. ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്ത് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കുക, കുളിക്കടവുകളിലെ ചെളിയും എക്കലും നീക്കുക, കടവുകളുടെ പരിപാലനം, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, കെ.എസ്.ഇ.ബി.യുടെ പണികൾ വേഗം പൂർത്തിയാക്കുക, വഴിയിൽ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുക, തിരുവാഭരണ പാതയ്ക്ക് വഴിതെളിക്കുക, പന്തളത്ത് രാത്രി പത്തുമണിവരെ ഡോക്ടറുടെ സേവനം ഉറപ്പാക്കുക, പന്തളം വലിയപാലത്തിൽ നടപ്പാത പണിയുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉണ്ടായി. തീർഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ സഹായം വേണ്ട വിഷയങ്ങൾ അടിയന്തരമായി അറിയിക്കാനും മന്ത്രി നിർദേശിച്ചു.
ആവശ്യത്തിന് മരുന്നും കൂടുതൽ ആംബുലൻസും ഉറപ്പാക്കിയിട്ടുണ്ടെന്നും പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷാഡോ അംഗങ്ങൾ ഉൾപ്പെടെ കൂടുതൽ പോലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
ആന്റോ ആന്റണി എം.പി., സി.വി. ശാന്തകുമാർ എം.എൽ.എ., ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ വിനീതാ അനിൽ, പന്തളം നഗരസഭാ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരി, വൈസ് ചെയർപേഴ്സൺ കെ. മണിക്കുട്ടൻ, നഗരസഭ കൗൺസിലർ പി.കെ.പുഷ്പലത, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പോൾ രാജൻ, ജെ. ശ്രീദേവി, പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ. സുരേഷ് വർമ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.വി. സന്തോഷ് കുമാർ, സെക്രട്ടറി പി.ജി. വേണുഗോപാൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യോഗമല്ലാതെ ഒന്നും നടക്കുന്നില്ല -സി.വി. ശാന്തകുമാർ
:അവലോകനയോഗത്തിൽ ക്ഷണിച്ചില്ലെന്നും യോഗം നടത്തുന്നതല്ലാതെ പന്തളത്ത് ഒന്നും നടപ്പാക്കുന്നില്ലെന്നും സി.വി. ശാന്തകുമാർ എം.എൽ.എ. കുറ്റപ്പെടുത്തി. ദിശാ ബോർഡ്, റോഡിലെ കാടുവെട്ടൽ, പമ്പയ്ക്ക് ബസ് സർവീസ്, ബസ് സ്റ്റാൻഡിലെ സൗകര്യം, പാലത്തിലെ നടപ്പാത, ദേവസ്വം ബോർഡ് കെട്ടിടത്തിന്റെ ലൈസൻസ് തുടങ്ങി എല്ലാ പ്രവൃത്തികളും മന്ദഗതിയിലാണെന്ന് കുറ്റപ്പെടുത്തി. അവലോകനയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഭരണപക്ഷ എം.എൽ.എ. ആരോപണം ഉന്നയിച്ചത്.