പാട്ടിന്റെ താളത്തിൽ നാട്ടിൻപുറം; നാടിൻപാട്ടുമായി ബ്രദേഴ്സ് നാട്ടുപാട്ടുകൂട്ടം

പള്ളിക്കൽ : നാട്ടിൻപുറത്തിന്റെ മണ്ണിൽ പിറന്ന പാട്ടുകളും ഗ്രാമീണ ജീവിതത്തിന്റെ സംഗീതവും പുതുതലമുറയിലേക്ക് പകരാൻ കൈതയ്ക്കൽ ബ്രദേഴ്സ് നാട്ടുപാട്ടുകൂട്ടം. കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാട്ടിൻപുറത്തെ കലാകാരന്മാരെയും സംഗീതപ്രേമികളെയും ഒരുമിച്ചുചേർത്താണ് കൂട്ടായ്മ രൂപവത്കരിച്ചത്.

തനി നാടിൻപാട്ട് എന്ന പേരിൽ അവതരിപ്പിക്കുന്ന പരിപാടികൾക്കും തുടക്കമായി. ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരമാണ് കലാകാരന്മാരെയും സംഗീത പ്രേമികളെയും കൂട്ടിയിണക്കി നാട്ടുപാട്ടുകൂട്ടം രൂപവത്കരിച്ചത്.

ആഴ്ചയിൽ ഒരിക്കൽ സംഗീതപ്രേമികളുടെ വീടുകളിലും വിവിധ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും നാട്ടുപാട്ടുകൂട്ടത്തിന്റെ അവതരണങ്ങളുണ്ടാകും. പള്ളിക്കൽ മഹാത്മാ ജനസേവന കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഉല്ലാസ് കോവൂർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സിന്റെ 40-ാം വാർഷികാഘോഷമായ പതംഗ് @40- നോടനുബന്ധിച്ച് ദീപക് പ്രയാർ രചിച്ച വാർഷികാഘോഷ ഗാനത്തിന്റെ സിഡി പ്രകാശനവും ചടങ്ങിൽ നടന്നു.

ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മഹാത്മാ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ പള്ളിക്കൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രസന്നകുമാരി, ശ്രീലക്ഷ്മി വിനോജ്, ബ്രദേഴ്സ് സെക്രട്ടറി പി. ജയകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ തെങ്ങമം ഗോപകുമാർ, ബിനു വെള്ളച്ചിറ, നേതൃസമിതി കൺവീനർ വിമൽ കൃഷ്ണൻ, എസ്. വിമൽ കുമാർ, വി.ബിജു, എൻ. യശോധരൻ, എം. അഖിൽ കുമാർ, കെ. വിശ്വമോഹനൻ, എസ്. ബൈജു, വനിതാവേദി ഭാരവാഹികളായ ജെ. രാജി, ടി. ജയലക്ഷ്മി, ചിന്നു വിജയൻ എന്നിവർ പ്രസംഗിച്ചു.