അവിടെ പോകേണ്ടാ, കൊള്ളില്ല...

തിരുവല്ല : നാല്പതോളം സ്ഥാപനങ്ങളും നൂറിലധികം ജീവനക്കാരുമുള്ള മുനിസിപ്പൽ കെട്ടിടത്തിൽ ഉപയോഗിക്കാൻ പാകത്തിന് ശൗചാലയമില്ല. തിരുവല്ല നഗരസഭയുടെ സുവർണ ജൂബിലി കോംപ്ലക്‌സിലാണ് ദുരവസ്ഥ. ടോയ്‌ലെറ്റ് ബ്ലോക്കിൽ മൂന്ന് ശൗചാലയങ്ങളുണ്ട്. രണ്ടെണ്ണം ഉപയോഗശൂന്യം. മൂന്നാമത്തേത് വൃത്തിഹീനവും. ഇതിലെ കുഴലുകൾ പലപ്പോഴും അടയുന്ന പ്രശ്‌നവുമുണ്ട്. ആവശ്യമായ ശുചീകരണം നഗരസഭയുടെ ഭാഗത്തുനിന്ന് കൃത്യമായി നടക്കാത്തതിനാൽ പലപ്പോഴും കോംപ്ലക്‌സിലെ തൊഴിലാളികൾ തന്നെ ശൗചാലയം വൃത്തിയാക്കേണ്ടിവരുന്നതായും പരാതിയുണ്ട്. മുനിസിപ്പൽ ഓപ്പൺ സ്റ്റേജ് തൊട്ടടുത്താണ്. ഇവിടെ പരിപാടികൾ നടക്കുമ്പോഴും ഉപയോഗപ്പെടുത്തേണ്ട ടോയ്‌ലെറ്റ് ബ്ലോക്കാണിത്. ശൗചാലയത്തിലേക്കുള്ള നടപ്പാതയിലും പരിസരത്തും മലമൂത്രവിസർജനം ചിലർ നടത്തുന്നു. ഒട്ടേറെ വനിതകൾ കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നുണ്ട്. രാത്രിയിൽ സമൂഹവിരുദ്ധർ താവളവുമാക്കി.