വ്യാപാരികളുടെ പ്രതിഷേധം; വ്യാപാരമേള നിർത്തിവെച്ചു

പത്തനംതിട്ട : ഹൈക്കോടതി പെർമിറ്റ് റദ്ദാക്കിയിട്ടും നിയമംലംഘിച്ച് വീണ്ടും പ്രവർത്തിച്ച വ്യാപാരമേളയ്ക്കെതിരേ നഗരത്തിലെ വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരികളും മേളയുടെ നടത്തിപ്പുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
ഇതോടെ പത്തനംതിട്ട സെയ്ന്റ് പീറ്റേഴ്സ് ജങ്ഷനിലെ ജിയോ ഗ്രൗണ്ടിൽ പ്രവർത്തിച്ചിരുന്ന മേള പോലീസ് ഇടപെട്ട് നിർത്തിവെച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംസ്ഥാന വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധവുമായി എത്തിയത്.
ഹൈക്കോടതി ഉത്തരവ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ ഇത്തരം സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം തുടർന്നാൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങളും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് സമിതി അറിയിച്ചു.
ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ, ലെനിൻ, തോമസ് ഫിലിപ്പ്, മനോജ് വലിയപറമ്പിൽ, ഷൈജു തോമസ്, വിപിൻ ചക്കാല തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
നഗരത്തിൽ വ്യാപാരമേള നടത്താൻ ഷെഡ് കെട്ടാൻ പത്തനംതിട്ട നഗരസഭ നൽകിയിരുന്ന പെർമിറ്റാണ് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയത്. മുമ്പ് ഈ വിഷയത്തിൽ നഗരസഭയും കൗൺസിലും എടുത്ത തീരുമാനങ്ങളും അതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഏറെ ചർച്ചയായിരുന്നു.
പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, പത്തനംതിട്ടയിൽ വ്യാപാരമേള അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആരോപിച്ചിരുന്നു.
ഇതിനെതിരേ അധികൃതർക്ക് പരാതി നൽകുകയുംചെയ്തു.