ഇനി എപ്പോൾ ഒരുങ്ങാനാണ്

#കെ.ആർ.കെ. പ്രദീപ്

മുരിങ്ങമംഗലം ഇടത്താവളം

കോന്നി: പുനലൂർ, പത്തനംതിട്ട റൂട്ടിലെ ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് മുരിങ്ങമംഗലം ക്ഷേത്രം. ശബരിമല ഇടത്താവളം പദ്ധതി ദേവസ്വം ബോർഡ് ആവിഷ്‌കരിച്ച വേളയിൽ മുരിങ്ങമംഗലം മഹാദേവക്ഷേത്രവും അതിൽ ഉൾപ്പെടുത്തിയിരുന്നു.

ഹരിദാസ് ഇടത്തിട്ട ജില്ലാ പഞ്ചായത്ത് അംഗം ആയിരുന്ന സമയത്ത് ശബരിമല ഇടത്താവളം പദ്ധതിയിൽ ഷെൽട്ടറുകൾ നിർമിച്ചുനൽകി. തീർഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനുമുള്ള രണ്ടു ഷെൽറ്ററാണ് ജില്ലാ പഞ്ചായത്ത് നൽകിയിട്ടുള്ളത്. കോന്നി പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ വർഷം ശബരിമല തീർഥാടകക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ എയർ സ്റ്റേജ് ക്ഷേത്രത്തിൽ നിർമിച്ചു. അയ്യപ്പന്മാർക്ക് വിരി വെക്കാനും ഭജന നടത്താനും വേണ്ടിയാണിത്. സംസ്ഥാന സർക്കാർ ശബരിമല ഇടത്താവളം പദ്ധതിയിൽ ഉൾപ്പെടുത്തി വർഷംതോറും ഗ്രാന്റും നൽകുന്നുണ്ട്. ഈ തുകയുടെ നല്ലൊരു ഭാഗവും മുരിങ്ങമംഗലം ഇടത്താവളത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. 60 ദിവസത്തെ തീർഥാടനകാലം കഴിയുമ്പോൾ ആവശ്യമായ സംരക്ഷണം ഷെൽറ്ററുകൾക്കില്ല. ശബരിമല മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി രഥ ഘോഷയാത്ര രണ്ടാംദിവസം തമ്പടിക്കുന്നത് മുരിങ്ങമംഗലം ക്ഷേത്രത്തിലാണ്.

ഇല്ലായ്മകൾ

തീർഥാടകർക്കുള്ള ഷെൽട്ടറിന്റെ പരിസരം കാടുകയറിക്കിടക്കുന്നു, അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല, തീർഥാടനകാലം ആരംഭിക്കുമ്പോൾ മുതൽ ശബരിമലയിലേക്കുള്ള ഭക്തർ എവിടെ എത്താറുണ്ട്.

വൈദ്യുതവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലതു കത്തുന്നില്ല. ക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള മിനി ഉയരവിളക്ക് പ്രവർത്തന രഹിതമായിട്ട്‌ മാസങ്ങളായി.

പുതിയതായി ടോയ്‌ലറ്റ് കോംപ്ലക്സ് നിർമിക്കേണ്ടതാണ്. നിലവിൽ അഞ്ച് എണ്ണം മാത്രമേയുള്ളൂ.

വെള്ളക്ഷാമം തീർഥാടനകാലത് പ്രധാന പോരായ്മയാണ്. വരൾച്ച തുടങ്ങുമ്പോൾ കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടാകും. പഞ്ചായത്ത് പലപ്പോഴും ടാങ്കർ ലോറിയിലാണ് വെള്ളം എത്തിക്കുന്നത്.

കോന്നിയിൽനിന്ന് മുരിങ്ങമംഗലം ക്ഷേത്രത്തിലേക്ക് ഒരുകിലോമീറ്റർ ദൂരമുണ്ട്. തെരുവുവിളക്കുകൾ കത്താത്തത് ഭക്തർക്ക് ബുദ്ധിമുട്ടാകും. പോസ്റ്റ് ഓഫീസ് wകവല, ഓവർബ്രിഡ്ജ് ഭാഗം എന്നിവിടങ്ങൾ, വൈകിയാൽ ഇരുട്ടിലാകും.

ചെയ്യേണ്ടവ

റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് തെളിക്കണം.

മണ്ഡല മകരവിളക്ക് സീസണിൽ ഇടതടവില്ലാതെ വൈദുതി കിട്ടണം. ജനറേറ്റർ താത്കാലികമായി സ്ഥാപിക്കണം.

പ്രതിവർഷം 10,000-ലേറെ തീർഥാടകർ മുരിങ്ങമംഗലത്ത് എത്തുന്നുണ്ട്. അവരുടെ ആരോഗ്യ സുരക്ഷയ്ക്കായി ആംബുലൻസ് ക്രമീകരിക്കണം .

മകരവിളക്ക് തീർഥാടനകാലത്ത് കാൽനടയായി വരുന്ന അയ്യപ്പന്മാരാണ് ഇടത്താവളത്തിൽ എത്തുന്നത്. അച്ചൻകോവിൽ, കല്ലേലി റോഡിലൂടെയും കുമ്മണ്ണൂർ പാതയിലൂടെയുമാണ് അവർ വരുന്നത്. രാത്രികാല യാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം.

മുരിങ്ങമംഗലം ടാൻസ്‌ഫോർമറിന്റെ പരിധിയിൽ തീർഥാടനകാലത് രാത്രിയിൽ മുടക്കമില്ലാതെ വൈദുതി ഉറപ്പാക്കാൻ കെ.എസ്.ഇ.ബി.യുടെ കരുതലും വേണം.

# പോസിറ്റീവ്

തീർഥാടകർ കൂടുതലായി എത്തിയാൽ ഷെൽറ്ററുകൾക്കു പുറമേ ക്ഷേത്രത്തിന്റെ മതപാഠശാലയും ഊട്ടുപുരയും ദേവസ്വം ബോർഡ് തുറന്നുനൽകും. രണ്ടു കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിട്ടുണ്ട്.

അച്ചൻകോവിൽ ആറ്റിലെ മുരിങ്ങമംഗലം കടവിൽ കുളിക്കാൻ എത്തുന്ന തീർഥാടകരെ സംരക്ഷിക്കാനായി രണ്ടു ലൈഫ് ഗാർഡ്മാരെ നിയമിക്കാൻ കോന്നി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.