അപകടത്തിന് കാക്കണോ, പാലം നന്നാക്കിക്കൂടേ...

പ്ലാന്റേഷൻ ജങ്ഷൻ-തേപ്പുപാറ റോഡിലെ കനാൽപ്പാലത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമില്ല
ഏഴംകുളം :പ്ലാന്റേഷൻ ജങ്ഷൻ-തേപ്പുപാറ റോഡിലെ കനാൽപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികളില്ല. കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര വലിയ അപകട സാധ്യതയുണ്ടാക്കുന്നതാണ്.
പാലത്തിനോട് ചേർന്ന് ഒരു ഭാഗത്ത് റോഡ് തകർന്ന് വലിയ കുഴിയായിക്കിടക്കുകയാണ്. ശക്തമായ മഴയിൽ റോഡിൽനിന്ന് ഇളകിയ മെറ്റലും മണ്ണും ഒഴുകി പാലത്തിലേക്ക് എത്തിയിരുന്നു. ഇതോടെ പാലത്തിലൂടെയുള്ള കാൽനടയാത്രപോലും ബുദ്ധിമുട്ടിലായിരുന്നു.
കഴിഞ്ഞവർഷം പാലത്തിന്റെ അപകടാവസ്ഥയെപ്പറ്റി പൊതുമരാമത്തിന് ലഭിച്ച പരാതിയിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പാലത്തിന്റെ ശോച്യാവസ്ഥ പൊതുമരാമത്തും സ്ഥിരീകരിച്ചിരുന്നു. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. നാല് വർഷം മുൻപ് ഇതുവഴിയുള്ള റോഡ് നവീകരിച്ചതാണ്. അന്ന് റോഡ് നവീകരണത്തിനൊപ്പം പാലം പുതുക്കിപ്പണിയുന്നതും ഉൾപ്പെടുത്തിയിരുന്നു.
പക്ഷേ സാങ്കേതികപരമായ അനുമതി പ്രശ്നങ്ങളാൽ നടന്നില്ല.
പിന്നീട് പാലം പൊളിക്കാൻ അനുമതി ലഭിച്ചെങ്കിലും എസ്റ്റിറ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നടന്നില്ല. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. കൈവരികളും പലയിടത്തായി ഇളകിയിട്ടുണ്ട്. മണ്ണ്, പാറ തുടങ്ങിയ സാധനങ്ങൾ കയറ്റിയ വലിയ ലോറികൾ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.