ബൈപ്പാസ് സിഗ്നലിൽ സീബ്രാലൈനുകൾ മാഞ്ഞു

തിരുവല്ല : കണ്ടുപിടിക്കാൻ പൊടിപോലുമില്ലാതെ സീബ്രാലൈൻ. ബൈപ്പാസ് റോഡിലാണ് സീബ്രാലൈനുകൾ മാഞ്ഞത്. ചിലങ്ക ജങ്ഷൻ-വൈ.എം.സി.എ. റോഡിൽ ബൈപ്പാസ് മുറിച്ചുകടക്കുന്ന ഭാഗത്ത് സീബ്രാലൈനുകൾ ഒരിടത്തും തെളിഞ്ഞിട്ടില്ല.
തിരക്കേറിയ സിഗ്നൽ കവലയിലാണ് കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നത്. സീബ്രാലൈനുകൾ മാഞ്ഞിട്ട് നാളുകളായെങ്കിലും നടപടിയില്ല. വാഹനങ്ങൾ നിരനിരയായി കടന്നുപോകുന്ന ഭാഗമാണ്. നാൽക്കവലയായതിനാൽ റോഡിന്റെ ഏതെങ്കിലും ഒരുവശത്തുകൂടി നിരന്തരം വാഹനങ്ങൾ കടന്നുവരും.
തിരുവല്ല റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ വഴി സഞ്ചരിക്കുന്നത്. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ്സ്റ്റാൻഡുകളിൽനിന്ന് റെയിൽവേസ്റ്റേഷനിലേക്കും തിരിച്ചും നടന്നുപോകുന്നവർ നിരവധിയാണ്. ട്രാഫിക് പോലീസ് ഡ്യൂട്ടി ഈ ഭാഗത്ത് ഇല്ലാത്തതിനാൽ റോഡ് മുറിച്ചുകടക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുകയാണ്.