മഴ പെയ്താൽ മുക്കുഴി റോഡിൽ മുഴുവൻ ചെളി

വൃന്ദാവനം : മഴ പെയ്താൽ റോഡ് ചെളിനിറയുന്നു. വൃന്ദാവനം-മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷനുസമീപമാണ് ഈ അവസ്ഥ. മഴയിൽ വശത്തെ ഉയർന്ന പുരയിടത്തിൽനിന്നും മണ്ണും വെള്ളവും കുത്തിയൊലിച്ച് റോഡിൽ എത്തുന്നതാണ് കാരണം. ചെളിനിറഞ്ഞ റോഡ് ഇരുചക്രവാഹന യാത്രക്കാർക്ക് ദുരിതമാവുന്നു.
മുക്കുഴി ജങ്ഷനിൽനിന്നും 100 മീറ്ററോളം മാറിയാണ് റോഡിൽ മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നത്. സമീപപുരയിടത്തിൽ കൈതക്കൃഷിക്കായി വാഹനം കയറുന്നതിന് റോഡ് നിർമിച്ചു. ഈ റോഡിലൂടെയാണ് വെള്ളത്തിന്റെ കുത്തിയൊലിപ്പിൽ പുരയിടത്തിലെ ഇളകിയ മണ്ണും റോഡിലെത്തുന്നത്. ഇവ വന്നടിഞ്ഞ് 20 മീറ്ററോളം ദൂരം ചെളിനിറഞ്ഞു കിടക്കുന്നു. മഴക്കാലത്ത് ഇവിടെ ഇതാണ് സ്ഥിതി. സൂക്ഷിച്ചില്ലെങ്കിൽ ബൈക്കുകൾ ചെളിയിൽ തെന്നിവീഴും.
കൊറ്റനാട് എസ്.സി.വി. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണിത്. നിരവധി രക്ഷിതാക്കളാണ് കുട്ടികളുമായി ഇരുചക്രവാഹനത്തിൽ ഇതുവഴി കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.