മല്ലപ്പള്ളി വലിയതോട് മാലിന്യവാഹിയായി

പകർച്ചവ്യാധി ഭീഷണിയിൽ നാട്‌

മല്ലപ്പള്ളി : ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടുന്ന ചവറുകൾ മല്ലപ്പള്ളി വലിയ തോടിനെ മാലിന്യ വാഹിനിയാക്കി. ഫ്രിഡ്ജുകളുടെ ഉള്ളിലെ തെർമോക്കോൾ ഭാഗങ്ങൾ മുതൽ രോഗികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച് കളയുന്ന ഡയപ്പറുകൾവരെ തോട്ടിൽ നിറഞ്ഞുകിടക്കുന്നു.

പുഞ്ചയെ മണിമലയാറുമായി ബന്ധിപ്പിക്കുന്ന തോടിന്റെ അവസാന ഭാഗത്താണ് വാട്ടർ അതോറിറ്റി വെള്ളം ശേഖരിക്കുന്ന കിണർ. മണലിലൂടെ അരിച്ചെത്തുന്നതാണ് ഇതിലെ വെള്ളമെന്ന് പറയുന്നെങ്കിലും വലിയതോട്ടിലെ മാലിന്യങ്ങൾ പമ്പ് ഹൗസിന് ചുറ്റും തങ്ങി നിൽക്കുന്നത് സുഖകരമായ ദൃശ്യമല്ല. കുടിവെള്ളത്തിൽ കലർന്നാൽ പകർച്ചവ്യാധിക്ക് മറ്റ് കാരണം വേണ്ടിവരികയുമില്ല.

ആനിക്കാട് റോഡിൽ വലിയതോട്ടിലെ പാലത്തിന്റെ വശങ്ങൾ പലരും കൈയേറി കെട്ടിടങ്ങൾ നിർമിച്ച കാര്യം 2019-ൽ മല്ലപ്പള്ളി താലൂക്ക് വികസന സമിതി പരിഗണിച്ചിരുന്നു. അനധികൃത ഉടമകളെ കണ്ടെത്തി ഒഴിപ്പിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇവിടത്തെ ആൾക്കാർ സർവേ വകുപ്പിൽ നൽകിയ പരാതിക്ക് തീരുമാനമായിട്ടില്ലെന്ന കാരണം പറഞ്ഞ് റവന്യൂ വകുപ്പ് നടപടിയെടുത്തില്ല. പിന്നീട് വലിയ തോട് ഒരിക്കൽ തെളിച്ചതോടെ വശങ്ങളിലെ പല കൈയേറ്റവും പുറത്തായിരുന്നു. കാലം കഴിഞ്ഞിട്ടും അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഇതുവരെ നീക്കമില്ല.

തോടും വശങ്ങളും അടിയന്തരമായി വൃത്തിയാക്കേണ്ടതുണ്ട്. വെള്ളപ്പൊക്കത്തിൽ എത്തിച്ചേർന്ന മാലിന്യമാകയാൽ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ നിധി വിനിയോഗിക്കാവുന്നതുമാണ്. ശനിയാഴ്ച വികസന സമിതി വീണ്ടും ചേരുമ്പോൾ നാടിന്റെ ആരോഗ്യത്തെ ബാധിക്കാവുന്ന പ്രശ്നമെന്ന നിലയിൽ സജീവ പരിഗണന ഇക്കാര്യത്തിന് നൽകുമെന്നാണ് പ്രതീക്ഷ.