ഏഴംകുളം പഞ്ചായത്ത് സ്റ്റേഡിയം നവീകരണസാധ്യതകൾ തെളിയുന്നു

ഏഴംകുളം : ഏഴംകുളം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ സാധ്യതകൾ തെളിയുന്നു. അറുകാലിക്കൽ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളൊന്നുമില്ലാതെ നശിച്ചുതുടങ്ങിയിരുന്നു. പുതിയ സ്റ്റേഡിയം നിർമാണത്തിന്റെ സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇവിടെ സ്റ്റേഡിയം നിർമാണ സാധ്യതാപരിശോധനകൾ നടത്തി. സ്പോർട്സ് കൗൺസിലിലെ ഉദ്യോഗസ്ഥരെത്തി സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തലും മറ്റ് പരിശോധനകളുമാണ് നടത്തിയത്.
നിലവിലെ പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം നിർമാണ ആവശ്യമുന്നയിച്ച് കായികമന്ത്രിക്ക് ഉൾപ്പെടെ നിവേദനങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധനകൾ നടത്തിയത്. ‘ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നിർമിക്കാനാണ് സാധ്യത. ഏത് തരത്തിലാവും സ്റ്റേഡിയം നിർമിക്കുക എന്നത് സംബന്ധിച്ച് സ്പോർട്സ് കൗൺസിലാവും തീരുമാനമെടുക്കുക. സ്റ്റേഡിയം നവീകരിക്കണമെന്നുള്ളത് ഈ പ്രദേശത്തുള്ളവർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. മഴക്കാലമായാൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ട് കാരണം മഴക്കാലത്ത് കളികൾ നടത്തുക ബുദ്ധിമുട്ടാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വിജയകുമാരി, പഞ്ചായത്തംഗം രജനി ബിജു തുടങ്ങിയവർ സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു.