വാക്കേക്കടവിൽ പാലംപണി ഇഴയുന്നു

ശാസ്താങ്കൽ-ഉത്ഥാനത്തുപടി പാതയിലെ പുനരുദ്ധാരണം

കവിയൂർ : ശാസ്താങ്കൽ-വാക്കേക്കടവ്-ഉത്ഥാനത്തുപ്പടി പാതയുടെ പുനരുദ്ധാരണം ഇഴയുന്നതായി ആക്ഷേപം. പ്രധാനമന്ത്രിയുടെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പണികളാണ് നടക്കുന്നത്. ആഞ്ഞിലത്താനം ഉത്ഥാനത്തുപ്പടിയിൽ ചെന്നുചേരുന്ന റോഡിന് നാലുകിലോമീറ്ററോളം ദൂരം വരും. 4.21 കോടിയുടെ പ്രവൃത്തികളാണ്. വാക്കേക്കടവ് പുഞ്ചയുടെ മധ്യത്തിലൂടെ തീർത്തിട്ടുള്ള വഴിയിൽ ഇരുവശങ്ങളും കെട്ടി ഒരുപാലവും രണ്ട് കലുങ്കുകളും അടക്കമാണ് പണിയേണ്ടത്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ജോലികൾ തുടങ്ങിയതാണ്. എന്നാൽ, കാലവർഷത്തിന് മുന്നേ പാലത്തിന്റെ പണികൾ തീർക്കാൻ കഴിയാതെവന്നത് പ്രശ്‌നമായി. വെള്ളം കയറിയതിനെ തുടർന്ന് ഒരുമാസത്തിന് മുകളിൽ പ്രവൃത്തികൾ നിർത്തിവെയ്‌ക്കേണ്ടിവന്നു. പാലം തീർക്കുന്നതിനുമുമ്പ് ഉത്ഥാനത്തുപ്പടി വരെയുള്ള ഭാഗത്തെ മെറ്റലിളക്കി ഉറപ്പിച്ചതല്ലാതെ ടാറിങ് നടത്തിയില്ല.ഇതിനിടെ നടയ്ക്കൽ-കവിയൂർ റോഡിന്റെ പുനരുദ്ധാരണം തുടങ്ങിയത് രണ്ടിടത്തെ ഗതാഗതത്തെ ബാധിക്കുന്നു. ഈ റോഡിലെ ഗതാഗതം തടഞ്ഞതിനാൽ വാക്കേക്കടവിൽനിന്നുള്ള വഴിയിൽ തൊട്ടിപ്പാറ ബാങ്കുപടിയിലൂടെ വേണം വണ്ടികൾ പോകാൻ.

കർഷകരെ ബാധിക്കും

വാക്കേക്കടവിൽ നിലമൊരുക്കി കൃഷിയിറക്കേണ്ട സമയമായി. നിലവിൽ ഇതുവഴി വണ്ടികളിൽ എത്തിക്കാൻ കഴിയാത്തതിനാൽ വിത്തുകൾ 500 മീറ്ററോളം ദൂരത്തിൽ തലച്ചുമടായാണ് കൊണ്ടുവരുന്നത്. പാടങ്ങളിലെ വെള്ളമൊഴുകി മാറാനുള്ള സംവിധാനങ്ങളും പൂർത്തിയായിട്ടില്ല. തൊഴിലാളികളെ കൂടുതൽ എത്തിച്ച് അതിവേഗം പ്രവൃത്തികൾ തീർത്താലേ കാര്യമുള്ളൂ. പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കി മൂന്നു കൊല്ലത്തോളം കാത്തിരുന്ന ശേഷമാണ് അനുമതി ലഭിച്ചത്. ഇതിനുണ്ടായ പല തടസ്സങ്ങളും ഒഴിവാക്കാൻ ജനപ്രതിനിധികൾ പലതവണ ഇടപെടേണ്ടി വന്നിരുന്നു. പാലത്തിന്റെ അടങ്കൽ ആദ്യം തയ്യാറാക്കിയപ്പോൾ മണ്ണു പരിശോധന നടത്തിയിരുന്നില്ല. ഇതിനാൽ വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് അനുമതി നേടിയത്. ഇത്തരത്തിൽ കൊല്ലങ്ങൾമുമ്പ് തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോഴും ഇഴയുന്നത്.

പാത കുഴിഞ്ഞു

ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്.ഡി.ആർ.) ജർമൻ സങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിങ്ങാണ് നടക്കേണ്ടത്. നിലവിലുള്ള ടാറിങ്ങും മണ്ണുംകൂടി കുഴിച്ചെടുത്ത് വെള്ളവും സിമന്റും ചേർത്ത് റോൾ ചെയ്ത ഉറപ്പിച്ചതിന്റെ പുറത്ത് ടാറിടുന്ന സങ്കേതികവിദ്യയാണിത്. ഇതിൽ പാത ഉറപ്പിക്കുന്ന പണികൾ നാലുമാസം മുന്നേ തീർത്തെങ്കിലും ഇത് ഇളകി കുഴികളായി. ടാറിങ്ങിന് നേരിടുന്ന കാലതാമസം ദുരിതത്തിന് ഇടയാക്കുന്നു. മുണ്ടിയപ്പള്ളി പാട്ടമ്പലം മഹാഗണപതിക്ഷേത്രം, പുതുശ്ശേരി ശ്രീധർമശാസ്താക്ഷേത്രം, കല്ലൂപ്പാറ ദേവീക്ഷേത്രം, കല്ലൂപ്പാറ പള്ളി എന്നിവിടങ്ങളിൽ പോകാനുള്ള എളുപ്പമാർഗംകൂടിയാണ്. കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന വഴിയാണ്.