വല്യാംകുളം നവീകരിച്ചു; പക്ഷേ, വൃത്തിയാക്കണം

ഏഴംകുളം : അഞ്ചുമാസം മുൻപാണ് ഏഴംകുളം വല്യാംകുളത്തിന്റെ വശങ്ങളുടെ കെട്ട് പൂർത്തിയായത്. അന്ന് കുളത്തിന് ചുറ്റുമുള്ള കാടും വെട്ടി വൃത്തിയാക്കിയിരുന്നു. എന്നാൽ ഇതുവരെയും കുളം വേണ്ടരീതിയിൽ വൃത്തിയാക്കാത്തതിനാൽ ഉപയോഗപ്രദമായിട്ടില്ല. ഇടയ്ക്ക് കുളത്തിലെ പായലും പോളയും വാരിമാറ്റിയിരുന്നു.

എന്നാൽ ബാക്കിയുള്ളവയും മാലിന്യവുംകൂടി മാറ്റിയാലെ കുളം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതും കാലതാമസമില്ലാതെ വൃത്തിയാക്കിയില്ലെങ്കിൽ നിലവിൽ ചെയ്ത പണികളും വെറുതെയാവും. ഇപ്പോൾ തന്നെ ചുറ്റും വീണ്ടും കാടുകയറിത്തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കുളത്തിന്റെ വശങ്ങൾ കെട്ടി നവീകരിച്ചത്. കുളം വൃത്തിയാക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. മുൻപ് പ്രദേശവാസികൾ കുളിക്കാനും വീട്ടാവശ്യങ്ങൾക്കുമൊക്കെ വെള്ളമെടുക്കാനും ഈ കുളം ഉപയോഗിച്ചിരുന്നതാണ്. വേനൽ കടുക്കുന്ന സമയങ്ങളിൽ സമീപപ്രദേശങ്ങളിൽ ഉള്ളവർക്ക് കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താനാവും.