പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു

പത്തനംതിട്ട : ട്രെയിൻയാത്രക്കാരുടെ ആവശ്യത്തിന് ശാശ്വതപരിഹാരമായി പത്തനംതിട്ടയിൽനിന്ന് ചെങ്ങന്നൂരിലേക്ക് പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ് അനുവദിച്ചു. പുലർച്ചെ 4.15-ന് പത്തനംതിട്ടയിൽ സർവീസ് ആരംഭിച്ച് ഇലന്തൂർ, കോഴഞ്ചേരി, ആറന്മുളവഴി 5.30-ന് ചെങ്ങന്നൂരിൽ എത്തിച്ചേരും. രാത്രി 9.30-നാണ് ചെങ്ങന്നൂരിൽനിന്ന് തിരികെ പത്തനംതിട്ടയിലേക്കുള്ള അവസാനസർവീസ്. 10.45-ന് പത്തനംതിട്ടയിലെത്തും.
ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽനിന്നുള്ള ആദ്യട്രെയിൻ പുറപ്പെടുന്നതിനു മുൻപായി പത്തനംതിട്ട ഭാഗത്തുനിന്ന് യാത്രക്കാർക്ക് എത്തുന്നതിനും, രാത്രിയിലെ അവസാന ട്രെയിൻ വന്നശേഷം പത്തനംതിട്ടയിലേക്ക് തിരികെ എത്തിച്ചേരുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
ഈ യാത്രാദുരിതം ചൂണ്ടിക്കാട്ടി അബിൻ വർക്കി എം.എൽ.എ. ഗതാഗതമന്ത്രിയെ നേരിൽക്കണ്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവീസിന് അംഗീകാരം ലഭിച്ചത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ പത്തനംതിട്ട, ആറന്മുള മേഖലകളിലെ യാത്രക്കാർക്കും ട്രെയിൻയാത്രക്കാർക്കും വലിയ ആശ്വാസമാകും. സർവീസ് വ്യാഴാഴ്ച തുടങ്ങും.