ലക്കും ലഗാനുമില്ലാതെ ലോറികൾ

കോഴഞ്ചേരി : കോട്ട- മുളക്കുഴ റോഡിൽ ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. ഹൈവേ നിർമാണത്തിന് മണ്ണുമായി പോകുന്നുവെന്ന പേരിൽ മറ്റ് സ്ഥലങ്ങളിലേക്കും മണ്ണ് കടത്തുന്നത് പതിവായിരിക്കുകയാണ്. നിരവധി സ്കൂൾ ബസുകളും ഇരുചക്രവാഹനങ്ങളും മറ്റ് യാത്രാവാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ കാൽനടയാത്രക്കാർക്ക് യാതൊരു സുരക്ഷയുമില്ല. കഴിഞ്ഞ ദിവസം റോഡിന്റെ വശത്തുകൂടി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകനെയും അമിതവേഗത്തിലെത്തിയ ടിപ്പർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുദിശകളിൽനിന്നും ഒരേസമയം നിരവധി ടോറസ് വാഹനങ്ങളും മറ്റ് വലിയ വാഹനങ്ങളും എത്തുന്നതോടെ റോഡിലൂടെയുള്ള സാധാരണ യാത്രപോലും ഏറെ അപകടകരമാകുകയാണ്. ടോറസ് വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുക, മണ്ണ് കടത്തുന്ന വാഹനങ്ങളുടെ സഞ്ചാരം കർശനമായി നിരീക്ഷിക്കുക, ഗതാഗതനിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ട വാർഡംഗം രഞ്ജിത്ത് എം.നായരുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തെത്തി. ജനങ്ങളുടെ ജീവനും യാത്രാസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. അമിത വേഗത്തിലെത്തിയ ടോറസ് ലോറികൾ നാട്ടുകാർ കഴിഞ്ഞ ദിവസം കോട്ട ഗന്ധർവമുറ്റം ക്ഷേത്രം ജങ്ഷനിൽ തടഞ്ഞിട്ട് പ്രതിഷേധിച്ചു.