റാന്നിയിൽ അപകടങ്ങളേറി; ഒരാഴ്ചക്കിടെ നാലുമരണം

റാന്നി : ഒക്ടോബർ മാസാവസാനം റാന്നിയിൽ അപകടമരണങ്ങളുടെ ദിനങ്ങളായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിൽ റാന്നിയിൽ നടന്നത് നാല് അപകടമരണങ്ങൾ. 30-ന് നടന്ന രണ്ട് അപകടങ്ങളിലായി രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. 31-ന് ഒന്നും. സ്‌കൂൾ വിദ്യാർഥിയും വയോധികയും രണ്ട് യുവാക്കളുമാണ് അപകടങ്ങളിൽ പരിക്കേറ്റ് മരിച്ചത്. രണ്ടുപേർ കാൽനട യാത്രക്കാരാണെങ്കിൽ മറ്റ് രണ്ടുപേർ സ്‌കൂട്ടർ യാത്രക്കാരും. രണ്ട് അപകടങ്ങൾ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ്. സംസ്ഥാനപാതയിൽ അപകടങ്ങൾ വേറെയും നടന്നു. അമിതവേഗവും അശ്രദ്ധയുമാണ് ഇതിൽ മിക്ക അപകടങ്ങൾക്കും കാരണം.
26-ന് മക്കപ്പുഴ ജങ്ഷന് സമീപം എസ്.സി.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചതാണ് ആഴ്ചയിലെ ആദ്യ അപകടം. വശത്ത് നിർത്തിയിരുന്ന സ്‌കൂട്ടർ പിന്നാലെ വാഹനം വരുന്നത് ശ്രദ്ധിക്കാതെ റോഡിലേക്ക് എടുത്തതാണ് 12-കാരന്റെ മരണത്തിന് കാരണമായത്. കാറിടിച്ച് സ്‌കൂട്ടറിന് പിന്നിലിരുന്ന വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീഴുകയും മറ്റൊരുകാർ കയറി മരിക്കുകയും ആയിരുന്നു. 30-ന് രാവിലെ ബൈക്കിന് പിന്നിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ 47-കാരന്റെ ജീവൻ നഷ്ടമായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്വായ്പൂർ സ്വദേശി അടുത്ത ദിവസമാണ് മരിച്ചത്. മഠത്തുംചാൽ- റാന്നി റോഡിൽ നെല്ലിക്കമണ്ണിനും ചെട്ടിമുക്കിനും ഇടയിലായിരുന്നു അപകടം.
അന്ന് വൈകീട്ട് റാന്നി മേനാതോട്ടത്തിന് സമീപം സ്‌കൂട്ടറിടിച്ച് വീണ കാൽനടയാത്രക്കാരിയായ 83-കാരി മരിച്ചു. ഞായറാഴ്ച രാത്രിയിൽ റാന്നി ടൗണിലെ ഇട്ടിയപ്പാറയിൽ ബൈക്കിടച്ച് റോഡുമുറിച്ചുകടന്ന മൈലപ്ര സ്വദേശിയായ 38-കാരനും മരിച്ചു. മൈലപ്ര സ്വദേശിയാണ് മരിച്ചത്. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇത് കൂടാതെയും റാന്നിയിൽ അപകടങ്ങളുണ്ടായി. ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന സംസ്ഥാനപാതയിൽ ഞായറാഴ്ച കാറും ജീപ്പും കൂട്ടിയിടിച്ച് ജീപ്പ് മറിഞ്ഞതാണ് അവസാന അപകടം. ജീപ്പ് റോഡിൽ മറിഞ്ഞെങ്കിലും സാരമായ പരിക്കുകളേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു. മാടത്തുംപടിയിലായിരുന്നു അപകടം.
അപകടങ്ങൾ വർധിച്ചതോടെ പോലീസ് പട്രോളിങ് കൂടുതൽ ശക്തമാക്കിയതായി റാന്നി എസ്.ഐ. എസ്. സിബി പറഞ്ഞു.