ഹമ്പുകൾക്ക് പിന്നാലെ വേഗപരിധി ബോർഡുകളും; ഇനി വേഗം അഞ്ച് കിലോമീറ്റർ

അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വേഗപരിധി സൂചിപ്പിക്കുന്ന ബോർഡ്  സ്ഥാപിച്ചപ്പോൾ
അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വേഗപരിധി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിച്ചപ്പോൾ

അടൂർ: അപകടങ്ങൾ ആവർത്തിച്ചതിനെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഊർജിതമാക്കി. ഹമ്പുകൾ സ്ഥാപിച്ചതിന് പിന്നാലെ ഡിപ്പോയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനങ്ങളുടെ വേഗം മണിക്കൂറിൽ അഞ്ച് കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്ന നിർദേശമുള്ള ബോർഡുകളും സ്ഥാപിച്ചു. തുടർച്ചയായ അപകടങ്ങളിൽ രണ്ട് വയോധികർക്ക് കാലുകൾ നഷ്ടമായതിനു പിന്നാലെയാണ് സുരക്ഷാ നടപടികൾക്ക് വേഗം കൂടിയത്.

ഒക്ടോബർ 31-ന് കൂടൽ സ്വദേശിനിയായ വയോധിക അമ്മിണിക്കും നവംബർ ഏഴിന് നൂറനാട് സ്വദേശി ചന്ദ്രമോഹൻ പിള്ളയ്ക്കുമാണ് ഡിപ്പോയിൽ സമാനമായ അപകടമുണ്ടായത്. നടന്ന് മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ബസ് ഇടിച്ച് ഇരുവരുടെയും കാലിലൂടെ ചക്രം കയറിയാണ് കാൽ നഷ്ടമായത്. ഈ ദുരന്തങ്ങൾ ഡിപ്പോയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടി.

ബസ് സ്റ്റാൻഡുകളിലൂടെ വാഹനങ്ങൾ കുറഞ്ഞ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് പൊതുവായ നിർദേശം. എന്നാൽ പലപ്പോഴും അമിതവേഗത്തിലാണ് ബസുകൾ ഡിപ്പോയിൽ പ്രവേശിക്കുന്നത്. ഇത് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. മുൻപും അഞ്ച് കിലോമീറ്റർ വേഗപരിധി നിർദേശിച്ചുള്ള ബോർഡുകൾ ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും സ്റ്റാൻഡിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ നീക്കം ചെയ്തിരുന്നു.

ഹമ്പുകളും വേഗപരിധി ബോർഡുകളും എത്തിയതോടെ അപകടങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഡിപ്പോയ്ക്ക് പുറത്തുള്ള ഓട്ടോസ്റ്റാൻഡിന് സമീപം പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ഹമ്പുകളാണ് സ്ഥാപിച്ചത്. നവംബർ 21-ന് ഡിപ്പോയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തതയും ഹമ്പുകൾ സ്ഥാപിക്കാത്തതും സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർന്ന് സി.വി. ശാന്തകുമാർ എം.എൽ.എ. പൊതുമരാമത്ത് അധികൃതരോട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.

ഡിപ്പോയിലേക്ക് ബസുകൾ പ്രവേശിക്കുകയും പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ ഡിവൈഡറിന്റെ നീളം കൂട്ടി അടിത്തറ നിർമിച്ച് വേലി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തുനിന്ന് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്കിറങ്ങുന്ന ഭാഗത്തും റബ്ബർ ഹമ്പുകൾ സ്ഥാപിക്കുന്ന ജോലികളും വരുംദിവസങ്ങളിൽ ഡ്രൈവർമാർ വേഗനിയന്ത്രണം പാലിക്കുകയും അധികൃതർ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്താൽ അപകടങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Content Highlights: Following recurrent accidents, speed limit boards and humps have been installed at the Adoor KSRTC bus stand to restrict vehicle speeds to five kmph.