പവർകട്ട് സമയത്ത് പരാക്രമം; കൂകിവിളിയിലും അസഭ്യം പറയലിലും സഹികെട്ട് നാട്ടുകാർ

മുന്നാട്: രാത്രി പവർകട്ട് സമയത്ത് വീടുകളുടെ സമീപം അജ്ഞാതന്റെ പരാക്രമം കാരണം സഹികെട്ടിരിക്കുകയാണ് ബേഡഡുക്ക പഞ്ചായത്ത് പള്ളത്തിങ്കാൽ കൊല്ലമ്പണ പ്രദേശവാസികൾ. ആഴ്ചകളായി ഇടവിട്ട ദിവസങ്ങളിൽ ഇത് തുടരുന്നു. ഇടവഴികളിൽനിന്ന് കൂകിവിളിച്ചും വീടിന്റെ ജനൽ, വാതിൽ എന്നിവയിൽ അടിച്ച് ഒച്ചയുണ്ടാക്കിയും അസഭ്യം പറഞ്ഞുമാണ് ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നത്. തുടർന്ന് അജ്ഞാതൻ ഓടിമറയുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
വൈദ്യുതി മുടങ്ങി പ്രദേശം ഇരുട്ടിലാകുമ്പോഴാണ് പരാക്രമം. ഒൻപതിനും 12-നും ഇടയിലാണിത്. രഞ്ജിത്ത് കുമാർ, സുലോചന, കെ. നാരായണൻ, ബി. ദാമോദരൻ എന്നിവരുടെ വീട്ടുമുറ്റത്താണ് ഇങ്ങനെ ശല്യമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയും പരാക്രമശബ്ദം കേട്ടതിനാൽ സർഗവേദി ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പരിസരം അരിച്ചുപെറുക്കിയെങ്കിലും തുമ്പൊന്നും കിട്ടിയില്ലെന്ന് പ്രദേശവാസി കെ. ബാലകൃഷ്ണൻ പറയുന്നു. ഇതോടെ സംഭവം ഉടൻ ബേഡകം പോലീസിൽ വിളിച്ചറിയിച്ചു.
തുടർന്ന് 11.30-ഓടെ എത്തിയ പോലീസും നാട്ടുകാരും ചേർന്ന് വീടും പരിസരവും പരിശോധിച്ചു. ബി.ദാമോദരന്റെ വീടിന്റെ പുറംചുമരിൽ ചെളിപുരണ്ട കൈപ്പത്തി അടയാളം പതിഞ്ഞിരിക്കുന്നതായി കണ്ടെത്തി. പ്രദേശത്ത് തുടർദിവസങ്ങളിൽ രാത്രിപരിശോധന ശക്തമാക്കാനാണ് പോലീസ് നീക്കം.
Content Highlights: Mysterious intruder creates panic during night power cuts in Bedadukka panchayat., Incidents reported repeatedly at Pallathinkal Kollambana area between 9 PM and 12 AM., Intruder bangs on doors and windows, shouts abuses, and flees into the dark., Muddy handprints found on a house wall during police and local inspection., Police have assured intensified night patrolling in the area.