കൃത്യമായി ശമ്പളംകിട്ടുന്നില്ല; ധാരാപുരം നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ പ്രതിഷേധിച്ചു

തിരുപ്പൂർ : ശമ്പളം കൃത്യമായി നൽകുന്നില്ലെന്നാരോപിച്ച് ധാരാപുരം നഗരസഭയ്ക്ക്‌ കീഴിലെ കരാർ ശുചീകരണത്തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

പുറംകരാർ അടിസ്ഥാനത്തിൽ സ്വകാര്യസ്ഥാപനംവഴി ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച ഏതാണ്ട് 300-ഓളം തൊഴിലാളികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ പകുതിയായിട്ടും ലഭിച്ചിട്ടില്ല.

ഇത്തരം കാലതാമസം പതിവായതുകൊണ്ടാണ് പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായതെന്ന് തൊഴിലാളികൾ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ നഗരസഭാ ഉദ്യോഗസ്ഥർ പുറംകരാർനൽകിയ കമ്പനിയുടെ മാനേജുമെൻറ്റുമായി ചർച്ചനടത്തി.

ശമ്പളം ഉടൻ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന് കമ്പനി ഉറപ്പുനൽകിയതിനെത്തുടർന്ന് തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു.