‘ചരിത്രത്തിൽ അപൂർവമായ നിമിഷം’; വിജയാഘോഷത്തിൽ നെഹ്‌റുവിന്റെ വിഖ്യാതപ്രസംഗത്തിലെ വാക്കുകൾ ഉദ്ധരിച്ച് മംദാനി

സൊഹ്റാൻ മംദാനി, ജവഹർലാൽ നെഹ്റു | Photo: AP, Mathrubhumi archives
സൊഹ്റാൻ മംദാനി, ജവഹർലാൽ നെഹ്റു | Photo: AP, Mathrubhumi archives

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കുള്ള ചരിത്രവിജയത്തിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്യവേ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ വരികള്‍ കടംകൊണ്ട് സൊഹ്റാന്‍ മംദാനി. നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഓര്‍ത്തുപോവുകയാണെന്ന് മംദാനി പറഞ്ഞു.

‘ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം ആഗതമായിരിക്കുന്നു, നാം പഴയതില്‍നിന്ന് പുതിയതിലേക്ക് കാലെടുത്തുവെക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവിന് ശബ്ദം ലഭിക്കുമ്പോള്‍...’- ഇന്ത്യ സ്വാതന്ത്ര്യം നേടിയവേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് മംദാനി പറഞ്ഞു. ‘ഈ രാത്രി ന്യൂയോര്‍ക്ക് അത് ചെയ്തിരിക്കുന്നു’വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുതിയ കാലം, ഒഴികഴിവുകള്‍ക്ക് പകരം വ്യക്തതയും കാഴ്ചപ്പാടും കരുത്തുറ്റ നേതൃത്വവും ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് സമ്മാനിക്കുമെന്നും മംദാനി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ മംദാനി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാന്‍ സാധിക്കുമെങ്കില്‍, അത് അദ്ദേഹത്തെ സൃഷ്ടിച്ച ഈ നഗരത്തിനാണ്. രാഷ്ട്രീയ അന്ധകാരത്തിന്റെ ഈ നിമിഷങ്ങളില്‍ ന്യൂയോര്‍ക്ക് പ്രകാശമായി മാറും, മംദാനി കൂട്ടിച്ചേര്‍ത്തു.

Content Highlights: zohran mamdani victory speech quotes nehru tryst with destiny speech