യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ഹൂതി ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലുള്ള പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ഹൂതികളുടെ ആക്രമണം. ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടു.
യെമൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഈ സമുച്ചയത്തിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്ററാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം.
സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്ന് യെമൻ ആരോഗ്യ മന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെ പറഞ്ഞു. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഹൂതികൾക്കെതിരെ ഈ മാസം ആദ്യത്തിൽ ആരംഭിച്ച സൈനിക നടപടിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്.
2014-ൽ ഹൂതികൾ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന പിടിച്ചെടുത്തതിനെത്തുടർന്ന്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാർ ഏദനെ തങ്ങളുടെ തലസ്ഥാനമായി മാറ്റിയിരുന്നു. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികളെ നേരിടുന്നത്.
സൗദി സൈനിക വിന്യാസം എവിടെ നടത്തിയാലും അത് തകർക്കുമെന്ന് തങ്ങൾ നേരത്തെ പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമാണ് വ്യാഴാഴ്ച നടത്തിയ ആക്രമണമെന്നും ഹൂതികൾ അവകാശപ്പെട്ടു. സൗദി സൈനിക വിന്യാസങ്ങൾ എവിടെയാണെങ്കിലും അവ തകർക്കുമെന്ന പ്രഖ്യാപിത തന്ത്രത്തിന്റെ ഭാഗമാണ് ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കി.
ആക്രമണത്തിൽ കൊട്ടാരസമുച്ചയത്തിന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് യെമൻ സർക്കാർ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.
Content Highlights: Houthi rebels launched missile and drone attacks on the presidential palace in Aden, Yemen's temporary capital., Five people were killed, including two security guards of Prime Minister Shaya Al-Sindani, and 16 others injured., The Houthis claimed they targeted the Saudi military operations center within the palace complex., Yemen government confirmed the Prime Minister and other leaders are safe., This represents the most intense attack since military operations against the Houthis began earlier this month.