ഗാസയിൽ വെടിനിർത്തലിന് സാധ്യതയുണ്ടോ? യുദ്ധം അവസാനിക്കുമോ?

#സിസി ജേക്കബ്
ബെഞ്ചമിൻ നെതന്യാഹു, യഹ്യ സിൻവാർ| Photo: AP
ബെഞ്ചമിൻ നെതന്യാഹു, യഹ്യ സിൻവാർ| Photo: AP

​ഒടുവിൽ യഹ്യ സിൻവാറിനെയും (61) ഇസ്രയേൽ വധിച്ചു. വധിക്കുകമാത്രമല്ല, സിൻവാറിന്റെ അവസാനനിമിഷത്തിന്റെ ദൃശ്യങ്ങൾ ലോകത്തെ കാണിക്കുകയുംചെയ്തു. ഇസ്രയേലിന് ഏറ്റവും പകയുണ്ടായിരുന്ന ഹമാസ് നേതാവാണ് സിൻവാർ. 2023 ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അവരും സഖ്യകക്ഷികളും വിശ്വസിക്കുന്നയാൾ. ഇസ്രയേലിന്റെ ‘ഹിറ്റ്‌ലിസ്റ്റി’ൽ ഒന്നാമനായിരുന്നു സിൻവാർ. അതിനാൽത്തന്നെ സിൻവാറിന്റെ മരണമാകും ഗാസയിൽ ഹമാസുമായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ നേട്ടമായി അവർ കണക്കാക്കുക. ഒളിയിടം കണ്ടെത്തി, മുൻകൂട്ടി ആസൂത്രണംചെയ്തു നടത്തിയ ആക്രമണത്തിലല്ല സിൻവാർ മരിച്ചത്, തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈന്യവുമായി ആകസ്മികമായുണ്ടായ ഏറ്റുമുട്ടലിലാണ്.

ഗാസയിലെ ഖാൻ യൂനിസിൽ അഭയാർഥിക്യാമ്പിൽ ജനിച്ചുവളർന്ന സിൻവാർ, പലസ്തീൻകാർക്കിടയിൽ ചാരവൃത്തിനടത്തിയിരുന്ന നാലുപേരെ കൊന്നതിന് 22 വർഷം ഇസ്രയേലിന്റെ തടവിൽക്കിടന്നു. 2011-ൽ ഇസ്രയേൽ വിട്ടയച്ച ആയിരത്തിലേറെ പലസ്തീൻകാരിൽ ഒരാളായി ജയിലിൽനിന്നു പുറത്തുവന്നു. തടവുകാലത്തു ശേഖരിച്ച ഡി.എൻ.എ. സാംപിളുമായി ഒത്തുനോക്കിയാണ് കൊല്ലപ്പെട്ടത് സിൻവാർതന്നെയെന്ന് ഇസ്രയേൽ ഉറപ്പിച്ചത്.

സിൻവാറിന്റെ മരണത്തോടെ ഹമാസിനെക്കുറിച്ചും ഗാസയിലെ യുദ്ധത്തെക്കുറിച്ചും ചില ചോദ്യങ്ങളുയരുന്നു. നേതൃനിരയില്ലാതായ ഹമാസിന് ഇനിയെന്തുസംഭവിക്കും എന്നതാണ് ഒന്ന്. ഹമാസിനെ നിയന്ത്രിച്ചിരുന്ന തീവ്രവാദക്കാരായ നേതാക്കളെയെല്ലാം -യഹ്യ സിൻവാർ, മുഹമ്മദ് ദെയ്ഫ്, മർവാൻ ഈസ- ഇസ്രയേൽ വധിച്ചു. മിതവാദിയെന്നും ഹമാസിന്റെ ആഗോളമുഖമെന്നും അറിയപ്പെട്ടിരുന്ന ഇസ്മയിൽ ഹനിയെയും ഇല്ലാതാക്കി. 2017 മുതൽ ഗാസയിൽ ഹമാസിനെ നയിച്ചിരുന്ന സിൻവാർ, ഹനിയെയുടെ പിൻഗാമിയായി ഓഗസ്റ്റിലാണ് രാഷ്ട്രീയകാര്യവിഭാഗം തലവനായത്. കടലാസുകുറിപ്പടികളിലൂടെയായിരുന്നു ഭരണം. ഒളിയിടം വിട്ടിറങ്ങിയില്ല.

ഹമാസിന് ഇപ്പോഴും ആയിരക്കണക്കിന് അംഗങ്ങൾ ഗാസയിലുണ്ട്. അവർ ഒളിപ്പോരിലേർപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേൽ. യഹ്യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാർ (49) ഗാസയിൽ ഹമാസിന്റെ കമാൻഡറാകുമെന്നാണ് റിപ്പോർട്ട്. ഒരു പ്രാദേശിക കമാൻഡറെന്നതിനപ്പുറം സംഘത്തെ നയിക്കാൻ മുഹമ്മദ് സിൻവാറിനാകില്ലെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു. ഖത്തറിലും തുർക്കിയിലും ലെബനനിലുമാണ് ഹമാസിന്റെ പുറംനേതാക്കൾ പ്രധാനമായുമുള്ളത്. അവരിലൊരാൾ ഉന്നതനേതൃത്വത്തിലേക്ക് വരേണ്ടിവരും. ഹമാസ് പൊളിറ്റ് ബ്യൂറോ മുൻതലവനും സിൻവാറിന്റെ എതിരാളിയുമായ ഖാലിസ് മെഷാൽ നേതാവാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഹമാസിനെ പോറ്റിപ്പുലർത്തുന്ന ഇറാനോട് കാര്യമായ മമതയില്ലാത്തയാളാണെന്നത് മെഷാലിന്റെ സാധ്യതയെ ബാധിക്കുമോ എന്നും സംശയിക്കപ്പെടുന്നു. ഖാലിക് അല ഹയ്യ, മൂസ അബ മർസൂക്ക്, മഹ്മൂദ് അൽ സഹർ തുടങ്ങിയ നേതാക്കളുടെ പേരും നേതൃത്വത്തിലേക്ക് അന്താരാഷ്ട്രമാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഗാസയിൽ വെടിനിർത്തലിന് സാധ്യതയുണ്ടോ? അതോ യുദ്ധം അവസാനിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. ഇസ്രയേലിന്റെ കണക്കിൽ 101 ബന്ദികൾ മോചിതരാകാനുണ്ട്. അവരിൽ പകുതിയും മരിച്ചെന്ന് അവർതന്നെ കരുതുന്നു. ഗാസയിൽനിന്ന് ഇസ്രയേൽസൈന്യം പൂർണമായി പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്ന നേതാവാണ് സിൻവാർ. അതിനുതയ്യാറല്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാശിയുംകൂടിയാണ് വെടിനിർത്തൽസാധ്യത ഇല്ലാതാക്കിയത്. സിൻവാർ ഇനിയില്ല. ആ സാഹചര്യത്തിൽ ഹമാസ് ഒന്നയഞ്ഞാൽ വെടിനിർത്തൽ സാധ്യമായേക്കാം. ബന്ദികളുടെ ബന്ധുക്കളുടെ സമ്മർദവും നെതന്യാഹുവിനുമേലുണ്ട്.

‘‘ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല, അവസാനത്തിന്റെ ആരംഭമാണ്. ഹമാസ് ആയുധംവെച്ചു കീഴടങ്ങുകയും ബന്ദികളെ തിരിച്ചുതരുകയും ചെയ്താൽ അത് അവസാനിക്കും’’ എന്നാണ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ചശേഷം നെതന്യാഹു പറഞ്ഞത്. ഗാസയിലെ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നെതന്യാഹു പലതവണ പറഞ്ഞിട്ടുണ്ട് -ഹമാസിനെ സൈനികമായും രാഷ്ട്രീയമായും തകർക്കുക, 2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരുക. നേതാക്കൾ നഷ്ടപ്പെട്ടെങ്കിലും ഹമാസ് എറ്റുമുട്ടൽ തുടരുകയാണ്. സിൻവാർവധം ഇസ്രയേലിന്റെ വിജയമാണെങ്കിലും മറ്റു ലക്ഷ്യങ്ങൾ നേടിയെന്നുറപ്പാകുവോളം നെതന്യാഹു യുദ്ധം തുടരും. 

അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുന്ന അദ്ദേഹത്തിന് പ്രതിച്ഛായ തിരിച്ചുപിടിക്കാനും രാഷ്ട്രീയത്തിൽ തുടരാനും അത് ആവശ്യമാണ്. ഹമാസിന്റെ കാര്യത്തിലാണെങ്കിൽ 1990-കൾമുതൽ അവരുടെ എല്ലാ തലവന്മാരും ഇസ്രയേലിന്റെ കൈയാൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർക്കെല്ലാം പിൻഗാമികളുണ്ടായി. അവർ ഇസ്രയേലുമായുള്ള ഏറ്റുമുട്ടൽ തുടരുകയും ചെയ്തു. ഗാസയിലെ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. ഹമാസ് നേതൃത്വത്തിലെ വിടവുനോക്കി പ്രാദേശികമായി മറ്റുസംഘങ്ങളും നേതൃത്വങ്ങളും ഉയർന്നുവരാനിടയുണ്ട്. അത്തരമൊരാഭ്യന്തരശത്രുതയിൽ ഇസ്രയേൽ കണ്ണുവെക്കുന്നുണ്ടെന്നാണ് വാർത്തകൾ.

Content Highlights: yahya sinwar killed will iy end war, israel palestine conflict