'ഞാൻ കാത്തിരിക്കും, വൈകരുത് ഭീരു'; മഡുറോ ട്രംപിനെ വെല്ലുവിളിക്കുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ്ഹൗസ്

#ന്യൂസ് ഡെസ്ക്
നിക്കോളാസ് മഡുറോ, ഡൊണാള്‍ഡ് ട്രംപ് | ഫയല്‍ചിത്രം | ഫോട്ടോ: എഎഫ്പി, എപി
നിക്കോളാസ് മഡുറോ, ഡൊണാള്‍ഡ് ട്രംപ് | ഫയല്‍ചിത്രം | ഫോട്ടോ: എഎഫ്പി, എപി

വാഷിങ്ടൺ: വെനസ്വേലയെ കടന്നാക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയതിന് പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസ്. മാസങ്ങൾക്ക് മുൻപ് ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെയും കഴിഞ്ഞദിവസം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെയാണ് വൈറ്റ്ഹൗസിന്റെ പരിഹാസം. സാമൂഹികമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് വൈറ്റ്ഹൗസ് ഈ വീഡിയോ പുറത്തുവിട്ടത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. ''വരൂ, എന്നെ കൊണ്ടുപോകൂ. മിറോഫ്‌ളോറസിൽ (പ്രസിഡന്റിന്റെ കൊട്ടാരം) ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും. വൈകരുത്, ഭീരു'' എന്നായിരുന്നു മഡുറോയുടെ വാക്കുകൾ. ഓഗസ്റ്റിൽ മഡുറോയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യുഎസ് ഉയർത്തിയതിന് പിന്നാലെയാണ് മഡുറോ ട്രംപിനെയും യുഎസിനെയും വെല്ലുവിളിച്ചത്. മാസങ്ങൾക്കിപ്പുറം അദ്ദേഹത്തെ പിടികൂടിയതിന് പിന്നാലെ അതേ പ്രസംഗത്തിന്റെ ദൃശ്യങ്ങൾകൂടി ഉൾപ്പെടുത്തി വൈറ്റ്ഹൗസ് വീഡിയോ പുറത്തുവിടുകയായിരുന്നു.

മഡുറോയുടെ ദൃശ്യങ്ങൾക്കൊപ്പം കഴിഞ്ഞദിവസം അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇതിനുപുറമേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റെ ഹെഗ്‌സേത് എന്നിവർ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളത്തിലെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Content Highlights: White House releases a mocking video targeting Venezuelan President Nicolás Maduro, juxtaposing his past taunts with recent US actions.