വിജയ് മല്യയുടെ 70-ാം പിറന്നാൾ; ലണ്ടനിൽ ഗംഭീര ആഘോഷമൊരുക്കി ലളിത് മോദി, പങ്കെടുത്ത് പ്രമുഖർ

#ന്യൂസ് ഡെസ്ക്
വിജയ് മല്യയും ലളിത് മോദിയും, ലളിത് മോദിയുടെ ക്ഷണക്കത്ത് | Photo : Instagram
വിജയ് മല്യയും ലളിത് മോദിയും, ലളിത് മോദിയുടെ ക്ഷണക്കത്ത് | Photo : Instagram

ലണ്ടൻ: ഇന്ത്യയിൽ തട്ടിപ്പ് നടത്തിയ മുങ്ങി ലണ്ടനിൽ ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യയുടെ എഴുപതാം പിറന്നാളിന് മുന്നോടിയായി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുടെ വക ഗംഭീര ആഘോഷം. മോദിയുടെ ബെൽഗ്രേവ് സ്ക്വയറിലുള്ള വസതിയിലായിരുന്നു ചടങ്ങ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമകമ്പനിയായ ബയോകോണിന്റെ സ്ഥാപക കിരൺ മജുംദാർ ഷായും ചടങ്ങിൽ പങ്കെടുത്തു.

ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ജിം റൈഡെലും ചടങ്ങിൽ അതിഥിയായെത്തിയിരുന്നു. അദ്ദേഹം ലളിത്‌ മോദിയുടെയും മല്യയുടെയും ഒരു ചിത്രം പങ്കുവെക്കുകയും ഇങ്ങനെ കുറിക്കുകയും ചെയ്തു: "കഴിഞ്ഞ രാത്രി മനോഹരമായ ലണ്ടനിലെ വീട്ടിൽ വിജയ് മല്യയുടെ 70-ാം പിറന്നാളിന് മുന്നോടിയായി നടന്ന അതിഗംഭീരമായ പാർട്ടിക്ക് ആതിഥേയത്വം വഹിച്ച ലളിത് കെ. മോദിയ്ക്ക് നന്ദി".

"എന്റെ സുഹൃത്ത് വിജയ് മല്യയുടെ പിറന്നാൾ ആഘോഷിക്കാൻ എന്റെ വസതിയിൽ വന്ന എല്ലാവർക്കും നന്ദി.", ഇതായിരുന്നു ലളിത് മോദിയുടെ മറുപടി.

റൈഡൽ ഇൻസ്റ്റഗ്രാമിൽ ആഘോഷത്തിന്റെ ക്ഷണക്കത്തും പങ്കുവെച്ചിരുന്നു. ക്ഷണക്കത്തിൽ കുറിച്ചിരുന്നതിങ്ങനെ: "മാന്യമിത്രം വിജയ് മല്യയെ ആദരിക്കുന്നതിനുള്ള ആവേശകരമായ സായാഹ്നത്തിലേക്ക് റിമ (ബൗറി)യും ലളിതും നിങ്ങളെ ക്ഷണിക്കുന്നു”. മല്യയുടെ  ചിത്രവും ക്ഷണക്കത്തിൽ ഉണ്ടായിരുന്നു. ആഘോഷപരിപാടിയുടെ സമയവും സ്ഥലവും ക്ഷണക്കത്തിൽ ഉണ്ടായിരുന്നു.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ കാണാം. നടൻ ഇദ്രിസ് എൽബ, ഫാഷൻ ഡിസൈനർ മനോവിരാജ് ഖോസ്‌ല എന്നിവരും പരിപാടിയ്ക്കെത്തി. കിരൺ മജുംദാർ ഷാ രണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു - ഒന്ന് ഖോസ്‌ലയോടൊപ്പവും മറ്റൊന്ന് എൽബയുമായി സംസാരിക്കുന്നതും.

നേരത്തെ, ലണ്ടനിൽ നടന്ന വിപുലമായ ഒരു പാർട്ടിയിൽ വെച്ചാണ് ലളിത് മോദി തന്റെ 63-ാം ജന്മദിനം ആഘോഷിച്ചത്. വിജയ് മല്യ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. മേഫെയറിലെ മാഡോക്സ് ക്ലബ്ബിൽ വെച്ചാണ് ഈ ആഘോഷം നടന്നത്. ഈ വർഷം ആദ്യം മോദി സംഘടിപ്പിച്ച സ്വകാര്യ കരോക്കെ സായാഹ്നത്തിലും ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. ഏകദേശം 300-ലധികം അതിഥികൾ പങ്കെടുത്ത ചടങ്ങിൽ ക്രിക്കറ്റ് താരം ക്രിസ് ഗെയിലും പങ്കെടുത്തിരുന്നു.

ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന ലളിത്‌ മോദിയും മല്യയും നിലവിൽ യുകെയിലാണ് താമസിക്കുന്നത്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഇരുവരും ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

Content Highlights: Vijay Mallya`s 70th birthday pre-celebration in London hosted by Lalit Modi. High-profile guests attended this grand party at Modi`s Belgravia Square residence. Read more about the exclusive event.