ഇറാനെച്ചൊല്ലി പോര്, ജർമ്മനിയോട് ഇടഞ്ഞ് ട്രംപ്; 5000 സൈനികരെ പിൻവലിക്കാൻ ഉത്തരവ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും | AP
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും | AP

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെച്ചൊല്ലി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിലുള്ള വാക് തർക്കത്തിനൊടുവിൽ ജർമ്മനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനൊരുങ്ങി യുഎസ് പ്രതിരോധ വകുപ്പ്. ഇറാൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ജർമ്മനിക്കെതിരേ രൂക്ഷ വിമർശനവുമായി ട്രംപും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് 36000ലധികം യുഎസ് സൈനികരാണ് ജർമ്മയിലുള്ളത്. രാജ്യത്തുടനീളമുള്ള വിവിധ താവളങ്ങളിൽ ഇവരെ വിന്യസിച്ചിരിക്കുകയാണ്. ഇവരിൽ 5000 പേരെ തിരികെ വിളിക്കാനാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് ഉത്തരവിട്ടതെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പ്രസ്താവനയിൽ പറഞ്ഞു. അടുത്ത ആറ് മുതൽ 12 മാസം വരെയുള്ള കാലയളവിൽ സൈനികരെ പിൻവലിക്കൽ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തിൽ തങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത യൂറോപ്യൻ യൂണിയനെതിരേ ഡോണാൾഡ് ട്രംപ് നിരന്തരം രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വേണ്ടത്ര പിന്തുണ നൽകാൻ തയ്യാറാകാത്ത യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന മുന്നറിയിപ്പും നേരത്തെ തന്നെ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്നാണ് വിവരം.

ഇറാൻ യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാൻ യുഎസിനും കൃത്യമായ പദ്ധതികളൊന്നുമില്ലെന്ന് ഫ്രെഡറിക് മെർസ് നേരത്തെ വിമർശിച്ചിരുന്നു. ഇതിന് രൂക്ഷഭാഷയിൽ ട്രംപ് മറുപടി നൽകി. ആഭ്യന്തരപ്രശനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ പരിശ്രമിക്കാനും ട്രംപ് ജർമ്മനിയോട് ആവശ്യപ്പെട്ടു.

Content Highlights: Pentagon ordering withdrawal of 5,000 US troops from Germany., Tensions triggered by disagreements between Trump and Friedrich Merz over Iran., Process to be completed within 6 to 12 months., Trump criticizes EU lack of support in Iran conflict., US urges Germany to focus on Russia-Ukraine crisis.