'ഉത്പാദന മേഖലയിൽ നിർബന്ധിതമായി പണിയെടുപ്പിക്കുന്നു', ഇന്ത്യക്കെതിരേ പുതിയ തീരുവയ്ക്കൊരുങ്ങി യുഎസ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP

മുംബൈ: ഉത്പാദന മേഖലയിൽ ആളുകളെ നിർബന്ധിതമായി പണിയെടുപ്പിക്കുന്നുവെന്നും ഇതിനെതിരേ നടപടി എടുക്കുന്നില്ലെന്നും ആരോപിച്ച് ഇന്ത്യ ഉൾപ്പെടെ അൻപതിലേറെ രാജ്യങ്ങൾക്ക് പുതിയ തീരുവ ചുമത്താൻ നീക്കവുമായി അമേരിക്ക. ഇതുസംബന്ധിച്ച് 10 മുതൽ 12.5 ശതമാനം വരെ തീരുവ ചുമത്താനാണ് യു. എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് (യു.എസ്.ടി.ആർ.) ശുപാർശ ചെയ്തിരിക്കുന്നത്.

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനവും കാനഡ, മെക്‌സിക്കോ, തയ്‌വാൻ, യു.കെ. തുടങ്ങിയ രാജ്യങ്ങൾക്കു മേൽ പത്തുശതമാനവുമാണ് തീരുവ ചുമത്താൻ ആലോചിക്കുന്നത്. 1974-ലെ യു. എസ്. വ്യാപാര നിയമത്തിലെ 301 (ബി)(1) വകുപ്പ് അനുസരിച്ച് വ്യാപാരപങ്കാളികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് പുതിയ തീരുവ ചുമത്താനുള്ള ശുപാർശ വന്നിരിക്കുന്നത്.

നീതിക്കു നിരക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുകയും അത് അമേരിക്കൻ വ്യവസായ - വാണിജ്യ താത്പര്യങ്ങളെ ബാധിക്കുകയുംചെയ്താൽ നടപടിയെടുക്കാൻ അധികാരം നൽകുന്നതാണ് ഈ നിയമം. നിർബന്ധിത തൊഴിൽവഴി നിർമിച്ച ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തതിനെതിരേ നടപടി കൈക്കൊണ്ടിട്ടുണ്ടോ, അത് യു.എസ്. വാണിജ്യത്തെ ബാധിച്ചിട്ടുണ്ടോ എന്നായിരുന്നു അന്വേഷിച്ചത്.

ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ് ചൊവ്വാഴ്ച യു.എസ്.ടി.ആർ. അറിയിച്ചത്. ഈ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന, ഫെഡറൽ രജിസ്റ്റർ നോട്ടീസിൽ ഉൾപ്പെടാത്ത എല്ലാ ഉത്പന്നങ്ങൾക്കും അധിക തീരുവ കൊണ്ടുവരാനാണു ശുപാർശ. അതേസമയം പുതിയ തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ല. ഇവ പൊതുജനാഭിപ്രായത്തിനും അവലോകനത്തിനും വിധേയമായ ശേഷമാകും നിലവിൽ വരുക.

ജൂലായ് ആറുവരെ പൊതുജനങ്ങൾക്ക് ഇതേക്കുറിച്ച് അഭിപ്രായം അറിയിക്കാം. പിന്നാലെ യു.എസ്.ടി.ആർ. ഇതുമായി ബന്ധപ്പെട്ട വാദങ്ങളും കേൾക്കും. ഈ തീരുവ നടപ്പായാൽ, നേരത്തേ യു. എസ്. സുപ്രീംകോടതി വിലക്കിയ തീരുവയിലെ വരുമാന നഷ്ടം മറികടക്കാൻ ഒരു പരിധിവരെ ട്രംപ് ഭരണകൂടത്തിനു കഴിയും.

ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാരക്കരാറിൽ ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇന്ത്യയിലുള്ളപ്പോഴാണ് പുതിയ തീരുവ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. പുതിയ തീരുവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: US Trade Representative (USTR) recommends 10-12.5% tariffs on over 50 countries., India, China, and Brazil face a 12.5% tariff rate., Investigation conducted under Section 301(b)(1) of the 1974 US Trade Act., Allegations focus on the use of forced labor in manufacturing exports., Public feedback window open until July 6 before final implementation.