'അവർക്ക് ഇനി അതിന്റെ ആവശ്യമില്ല'; ഇസ്രയേലിനുള്ള US സൈനിക സഹായം അവസാനിപ്പിക്കുന്നു,നെതന്യാഹുവിന് സമ്മതം- ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും |ഫോട്ടോ:AFP

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ദിവസം ഇസ്രയേലുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിന് നൽകുന്ന യു.എസ്. സഹായം ഈ വർഷാവസാനത്തോടെ അവസാനിക്കുമെന്ന് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇസ്രയേലിന് ഇനി ഇത്തരം സഹായത്തിന്റെ ആവശ്യമില്ലെന്നും, അവർക്ക് സ്വന്തമായി ആയുധങ്ങൾ വാങ്ങാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് പുറത്താകാനിരിക്കെയാണ് വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.

നെതന്യാഹുവുമായി താൻ ഇതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിട്ടുണ്ടെന്നും നെതന്യാഹു തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും ട്രംപ് അഭിമുഖത്തിൽ പറയുകയുണ്ടായി.

'ഞങ്ങൾ അവർക്ക് 4 ബില്യൺ ഡോളർ നൽകുന്നുണ്ടായിരുന്നു, ഇപ്പോഴും നൽകുന്നുണ്ട്. എന്നാൽ വർഷാവസാനത്തോടെ അത് നിലയ്ക്കും' ട്രംപ് പറഞ്ഞു. നാലു ബില്യൺ ഡോളറിന്റെ സഹായത്തിൽ സാധനസാമഗ്രികളും പണവും ഉൾപ്പെടുന്നുവെന്നും ഇതിനെ സൈനിക സഹായമെന്നോ വസ്തുവിനിമയമെന്നോ വിശേഷിപ്പിക്കാമെന്നും ട്രംപ് പറഞ്ഞു.

വർഷങ്ങളായി ഈ സഹായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് താനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച ചെയ്തിരുന്നതായും, നെതന്യാഹു തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർക്ക് അതിന്റെ ആവശ്യമില്ല, ഇസ്രയേൽ വളരെ പുരോഗതി പ്രാപിച്ച രാജ്യമാണ്. അതുകൊണ്ട് ഇതൊരു പാഴായിപ്പോകുന്ന കാര്യമാണ്, ഈ വർഷാവസാനത്തോടെ ഇസ്രയേലിന് പണം നൽകില്ലെന്ന് ഞങ്ങൾ ഇതിനകം സമ്മതിച്ചിട്ടുണ്ട്' ട്രംപ് പറഞ്ഞു. അതേസമയം ഇസ്രയേലിന് ആവശ്യമെങ്കിൽ ഞങ്ങൾ സഹായിക്കും. അവർ ഒരു വലിയ സഖ്യകക്ഷിയാണ്, ഞങ്ങളുടെ എല്ലാ സഖ്യകക്ഷികളിലുംവെച്ച് ഏറ്റവും മികച്ചവരുമാണ് അവരെന്നും ട്രംപ് കൂട്ടിച്ചേർത്തു

അതേസമയം നിലവിലുള്ള യു.എസ്.-ഇസ്രായേൽ സുരക്ഷാ സഹായ കരാർ പ്രകാരം 2028വരെ പ്രതിവർഷം ഏകദേശം 380 കോടി ഡോളർ (3.8 ബില്യൺ ഡോളർ) യുഎസ് ഇസ്രയേലിന് നൽകുന്നുണ്ട്. യു.എസിന്റെ സൈനിക സഹായത്തെ ആശ്രയിക്കുന്നത് ക്രമേണ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നെതന്യാഹു മുൻപ് പറഞ്ഞിട്ടുണ്ട്, എങ്കിലും കരാറിലെ മാറ്റങ്ങളുടെ സമയമോ നിബന്ധനകളോ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മറ്റ് ഏത് രാജ്യത്തേക്കാളും കൂടുതൽ തുക യു.എസ് ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. യു.എസിൽ നിർമിച്ച ആയുധങ്ങൾ വാങ്ങുന്നതിനായി ഈ ഫണ്ടിൽ ഭൂരിഭാഗവും ഉപയോഗിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.

ഇസ്രയേൽ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് നെതന്യാഹു നടത്തിയ ഒരു പ്രതികരണത്തിൽ യുഎസ് സഹായം നിലയ്ക്കാൻ പോകുന്നുവെന്ന സൂചന നൽകിയിരുന്നു. 'പ്രതിരോധ ബജറ്റിനായി അമേരിക്കയിൽ നിന്ന് ഞാൻ രണ്ടുതവണയായി നേടിയെടുത്ത കോടിക്കണക്കിന് ഡോളർ സഹായം തുടർന്നും ലഭിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് ഇനി ലഭിക്കില്ല എന്ന യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ തയ്യാറായിക്കൊള്ളൂ' അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇസ്രയേലിൽ തിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ സർക്കാർ രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. ഇന്ന് ഗാദി ഐസൻകോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരണത്തിന് തത്വത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ അറബ് പാർട്ടികളുമായി ഇവർ സഖ്യത്തിലേർപ്പെടുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം.