ട്രംപിന് കനത്ത തിരിച്ചടി; തീരുവ വർധന യുഎസ് സുപ്രീംകോടതി റദ്ദാക്കി; ‘പ്രസിഡന്റ് അധികാരപരിധി ലംഘിച്ചു’

വാഷിങ്ടൺ: ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് വൻതിരിച്ചടി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗംചെയ്ത് ട്രംപ് ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ നടപടിക്ക് കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നിനെതിരേ ആറുവോട്ടുകൾക്ക് കോടതി ഈ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഭരണനിർവ്വഹണ വിഭാഗം തങ്ങളുടെ അധികാരപരിധി മറികടന്നുവെന്നും നികുതി ചുമത്താനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ നികുതികൾ അത്യന്താപേക്ഷിതമാണെന്ന ട്രംപിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.
ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അങ്ങനെ ചുമത്തുന്നതിനുള്ള അടിയന്തര സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. വ്യാപകമായ താരിഫ് ഏർപ്പെടുത്തിയതിലൂടെ ട്രംപ് തന്റെ അധികാരപരിധി മറികടന്നെന്ന് സുപ്രീം കോടതി വിലയിരുത്തി. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട നിയമങ്ങൾ ഉപയോഗപ്പെടുത്തിയാണ് ട്രംപ് ഉയർന്ന ചുങ്കം ഏർപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് (ഐഇഇപിഎ) നിയമത്തിന് വിരുദ്ധമാണ് നടപടി. നികുതികളും താരിഫുകളും ഏർപ്പെടുത്താനുള്ള അധികാരം യുഎസ് കോൺഗ്രസിനാണുള്ളത്, അല്ലാതെ പ്രസിഡന്റിനല്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങൾക്കും ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കുമേൽ പകരച്ചുങ്കവും ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരേ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് യുഎസ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ.
Content Highlights: US Supreme Court Rejects Trump's Tariffs: A Major Setback for Presidential Authority