‘നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചു’; ഇന്ത്യൻ നാവികർക്കുനേരെ നടന്ന ആക്രമണം സ്ഥിരീകരിച്ച് യുഎസ്

ന്യൂഡൽഹി: ഒമാൻ തീരത്ത് ഗിനിയ-ബിസാവു പതാകയുള്ള ഇന്ത്യൻ നാവികരടങ്ങിയ 'എംടി ജൽവീർ' എന്ന കപ്പലിനെ ലക്ഷ്യമാക്കി യുഎസ് സൈന്യം രണ്ട് ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ചതായി സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിൽനിന്ന് എണ്ണ കടത്താൻ ശ്രമിച്ചതും യുഎസ് സൈന്യത്തിന്റെ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. നേരത്തെ പലാവു പതാകയുള്ള 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ഇറാനുമേലുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു സെറ്റബെല്ലോയ്ക്ക് നേരെ യുഎസ് വെടിയുതിർത്തത്.
കൂടാതെ, കഴിഞ്ഞ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് 24 ഇന്ത്യൻ നാവികരുണ്ടായിരുന്ന 'എംടി മാരിവെക്സ്' എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചിരുന്നു.
ഇന്ത്യൻ നാവികർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. വ്യാഴാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പശ്ചിമേഷ്യയിൽ ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന തുടർച്ചയായ സംഭവങ്ങൾ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
Content Highlights: US Central Command struck the MT Jalveer ship near Oman., Third incident involving ships with Indian crew in one week., India summoned the US CDA to lodge a formal protest., Indian Ministry of External Affairs demands immediate cessation of attacks., Concerns raised over the safety and welfare of Indian mariners.