അമേരിക്കയുടെ പുതിയ ബഹിരാകാശവാഹനത്തിന് കല്‍പന ചൗളയുടെ പേര് നല്‍കും

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനത്തിന് അന്തരിച്ച ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര് നല്‍കും. ബഹിരാകാശശാസ്ത്രത്തിന് കല്‍പന ചൗള നല്‍കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര തിരിക്കാനിരിക്കുന്ന ബഹിരാകാശവിമാനത്തിന് ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര് നല്‍കുന്നത്.
2003-ല്‍ കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കല്‍പന ചൗള അന്തരിച്ചത്. കല്‍പനയ്‌ക്കൊപ്പം ബഹിരാകാശ വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രികരും അപകടത്തില്‍ മരിച്ചു. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്‍പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്‍പന ചൗളഎന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ പ്രഖ്യാപിച്ചു.
മനുഷ്യരുള്‍പ്പെടുന്ന ബഹിരാകാശദൗത്യത്തിന് കല്‍പന നല്‍കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പന ചൗളയെ ബഹുമാനിക്കുന്നുവെന്നും നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ കമ്പനി ബുധനാഴ്ച ട്വീറ്റ് ചെയ്തു. ബഹികാരാശ ദൗത്യത്തിനായി ജീവത്യാഗം ചെയ്ത കല്‍പന ചൗള പിന്‍ഗാമികളായ ബഹിരാകാശ യാത്രികര്‍ക്ക് പ്രചോദനം പകര്‍ന്നുവെന്നും കമ്പനി പറഞ്ഞു.
ബഹിരാകാശ വാഹനമായ കൊളംബിയയില്‍ കല്‍പന അവസാന നാളുകളില്‍ നടത്തിയ ഗവേഷണം ബഹിരാകാശ യാത്രികന്റെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സഹായിച്ചതായി നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ കമ്പനി കൂട്ടിച്ചേര്‍ത്തു. കല്‍പനയുടെ ജീവിതവും ബഹിരാകാശ യാത്രയെ കുറിച്ചുണ്ടായിരുന്ന സ്വപ്‌നങ്ങളും പ്രകീര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
സെപ്റ്റംബര്‍ 29-ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14(NG-14) ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും എസ്എസ് കല്‍പന ചൗള ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക. രണ്ട് ദിവസത്തിന് ശേഷം വാഹനം സ്‌പേസ് സ്റ്റേഷനില്‍ എത്തിച്ചേരും. സ്‌പേസ് സ്‌റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എന്‍ജി-14 ദൗത്യം എത്തിക്കുന്നത്.
Content Highlights: US spacecraft named after late astronaut Kalpana Chawla
Content Highlights: