പത്ത് ദിവസത്തെ ഇറാൻ യുദ്ധത്തിൽ 140 യുഎസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ

#ന്യൂസ് ഡെസ്ക്
ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്റെ മൃതദേഹം അമേരിക്കയിലെത്തിച്ചപ്പോള്‍ |ഫോട്ടോ:AP
ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികന്റെ മൃതദേഹം അമേരിക്കയിലെത്തിച്ചപ്പോള്‍ |ഫോട്ടോ:AP

വാഷിങ്ടൺ: പത്ത് ദിവസത്തെ ഇറാൻ യുദ്ധത്തിൽ ഏകദേശം 140 യുഎസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചു. എന്നാൽ ഈ പരിക്കുകളിൽ ഭൂരിഭാഗവും നിസ്സാരമായിരുന്നുവെന്നും അതിൽ 108 പേർ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചുവെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ പറഞ്ഞു. എട്ട് സൈനികർ അതീവ ഗുരുതരാവസ്ഥയിലാണ്. അവർക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള മെഡിക്കൽ സഹായം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇറാനെതിരായ യുദ്ധത്തിൽ ഇതുവരെ ഏഴ് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് നേരത്തെ അറിയിച്ചിരുന്നു. അതിൽ ആറ് പേർ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലും ഒരു സൈനികൻ സൗദി അറേബ്യയിലുമാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ സംബന്ധിച്ച് യുഎസ് ആദ്യമായിട്ടാണ് ഔദ്യോഗിക പ്രസതാവന ഇറക്കുന്നത്. യുദ്ധത്തിൽപരിക്കേറ്റവരെ സംബന്ധിച്ചുള്ള വിവരങ്ങളിൽ ട്രംപ് ഭരണകൂടം സുതാര്യത ഉറപ്പാക്കുന്നില്ലെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

യുദ്ധത്തിൽ പരിക്കേറ്റ സൈനികർ ഉൾപ്പെടെയുള്ള അപകടത്തിൽപ്പെട്ടവരുടെ കണക്കുകൾ പരസ്യമാക്കുന്നത്, അമേരിക്കൻ പൊതുജനങ്ങളോടും സൈനികരുടെ കുടുംബങ്ങളോടുമുള്ള ഉത്തരവാദിത്വത്തിന്റെ ഒരു പ്രധാന ഭാഗമായി പെന്റഗൺ വളരെക്കാലമായി കണക്കാക്കിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം മുതലുള്ള ഒരു സമ്പ്രദായമാണിതെന്നും യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇറാനിയൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതിന് തിരിച്ചടിയായി, 2020 ജനുവരിയിൽ ഇറാൻ ഇറാഖിലെ അൽ അസദ് എയർ ബേസിലെ യുഎസ് സേനയ്ക്കുനേരെ നടത്തി ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നായിരുന്നു ഒന്നാം ട്രംപ് ഭരണകൂടം ആദ്യം പ്രതികരിച്ചത്. ഖാസിം സുലൈമാനിയെ വധിച്ച യുഎസ് ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയായി, ആദ്യ ട്രംപ് ഭരണകൂടം ആദ്യം സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് 110 പേർക്ക് പരിക്കേറ്റതായി ട്രംപ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: 140 US soldiers injured during Iran-US conflict., 108 soldiers have resumed duty after minor injuries., 8 soldiers remain in critical condition receiving advanced care.