‘സൂക്ഷ്മമായി നിരീക്ഷിക്കുന്നു, പാകിസ്താൻ ആരാണെന്ന് ഓർമവേണം’; മധ്യസ്ഥതയിൽ സംശയമുന്നയിച്ച് US സെനറ്റർ

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും അലി ഖമേനിയുടെ ഖബറടക്കച്ചടങ്ങിൽ | Photo: AFP
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും അലി ഖമേനിയുടെ ഖബറടക്കച്ചടങ്ങിൽ | Photo: AFP

വാഷിങ്ടൺ: ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കച്ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കെടുത്തതിന് പിന്നാലെ ഇറാൻ-യുഎസ് മധ്യസ്ഥ ശ്രമങ്ങളിൽ ആശങ്ക ഉന്നയിച്ച് യുഎസ് സെനറ്റ് അംഗം റിക്ക് സ്കോട്ട്. മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്താൻ ശരിക്കും ആരാണെന്ന് ഓർക്കേണ്ടതുണ്ടെന്ന് റിക്ക് സ്കോട്ട് എക്സിൽ കുറിച്ചു.

ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഖമേനിയെ പ്രകീർത്തിച്ച് ഷെഹബാസ് ഷെരീഫ് സംസാരിച്ചിരുന്നു. അലി ഖമേനി മഹാനായ പണ്ഡിതനും നേതാവുമാണെന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാനും പാകിസ്താനും സഹോദരരാജ്യങ്ങളാണെന്നും ഏത് സാഹചര്യത്തിലും തങ്ങൾ ഒരുമിച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് ചില യുഎസ് പാർലമെന്റ് അംഗങ്ങളെ ചൊടിപ്പിച്ചത്.

യുഎസ്- ഇറാൻ സമാധാന കരാറിനായുള്ള പാകിസ്താന്റെ ഇടപെടലിൽ റിക്ക് സ്കോട്ട് ആശങ്ക ഉയർത്തുകയും ചെയ്തു. 'ഇടപെടൽ നടത്തുന്ന പാകിസ്താൻ ആരായിരുന്നുവെന്ന് നമ്മൾ ഓർക്കേണ്ടതായിരുന്നു. ബിൻലാദന് ഒളിയിടമൊരുക്കിയ, മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന, വംശഹത്യ നടത്തിയ ഇറാനിലെ ഭരണാധികാരിയെ പ്രകീർത്തിച്ച പ്രധാനമന്ത്രിയുള്ള രാജ്യത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. മധ്യസ്ഥത വഹിക്കാൻ അവർക്ക് യാതൊരു അവകാശവുമില്ല. ഒരുകാര്യം ഇസ്ലാമാബാദ് അറിഞ്ഞിരിക്കണം, ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്', റിക്ക് സ്കോട്ട് എക്സിൽ കുറിച്ചു. 

ടെഹ്റാനിൽനിന്ന് പാക് പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Senator Rick Scott expresses concern over Pakistan's mediation role in US-Iran relations., PM Shehbaz Sharif attended Ayatollah Khamenei's funeral in Tehran., Criticism stems from Pakistan's historical ties and praise for the late Iranian leader., US monitoring Pakistan's diplomatic involvement closely.