ഇറാൻ,യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ ഉപദേശകൻ, പെട്ടെന്നുള്ള മരണം; 'US സെനറ്ററെ വിഷംകൊടുത്ത് കൊന്നതോ?'

വാഷിങ്ടൺ: സൗത്ത് കരോലിനയിൽനിന്നുള്ള മുതിർന്ന യുഎസ് സെനറ്ററും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ലിൻഡ്‌സി ഗ്രഹാമിന്റെ മരണം യുഎസിനെ ഞെട്ടിച്ചിട്ടുണ്ട്. പെട്ടെന്നുള്ള മരണമായിരുന്നു ലിൻഡ്‌സി ഗ്രഹാമിന്റേത്. ഇറാൻ, യുക്രൈൻ യുദ്ധങ്ങളിൽ ട്രംപിന്റെ ഉപദേശകൻ കൂടിയായ ലിൻഡ്‌സി ഗ്രഹാമിന്റെ ആകസ്മിക മരണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയർന്നിട്ടുണ്ട്.
ഇറാനോ റഷ്യയോടെ യുഎസ് സെനറ്റർക്ക് വിഷംകൊടുത്ത് കൊന്നിരിക്കാമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ലിൻഡ്‌സി ഗ്രഹാമിന്റെ മരണത്തെ ഇറാനിയൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ആഘോഷിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിനിടെ ഉയർന്ന കൊലപാതക ആഹ്വാനത്തിൽ ട്രംപിനൊപ്പം ഗ്രഹാമും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെയടക്കം ചിത്രങ്ങളുയർത്തിയായിരുന്നു ജനക്കൂട്ടം വധിക്കുമെന്ന ആഹ്വാനം നടത്തിയത്.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക ഉപരോധങ്ങൾ കടുപ്പിക്കണമെന്നും വാദിച്ചിരുന്ന യുഎസിലെ പ്രധാനികളിൽ ഒരാളായിരുന്നു ഗ്രഹാം. ഇറാന്റെ ആണവ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേലിന്റെ സുരക്ഷയ്ക്കായി നിലകൊണ്ട ഒരു 'കരുത്തുറ്റ കവചമായിരുന്നു' ലിൻഡ്‌സി ഗ്രഹാം എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചിമിൻ നെതന്യാഹു അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
റഷ്യയെയും ലിൻഡ്‌സി ഗ്രഹാം പലപ്പോഴായി പ്രകോപിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ അധിനിവേശത്തിന് ശേഷം 10 തവണ ഗ്രഹാം യുക്രൈൻ സന്ദർശിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പും അദ്ദേഹം സന്ദർശനം നടത്തി. ഈ സന്ദർശനത്തിൽ റഷ്യക്കെതിരായ ഉപരോധ പാക്കേജുമായി മുന്നോട്ട് പോകാൻ ട്രംപ് ഭരണകൂടവുമായി ധാരണയുണ്ടാക്കിയതായും വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 'സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ സംരക്ഷകൻ' എന്നാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഗ്രഹാമിനെ വിശേഷിപ്പിച്ചത്.
ഒരിക്കൽ ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന ഗ്രഹാം പിന്നീട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയി മാറുകയായിരുന്നു. ഇറാൻ, റഷ്യ തുടങ്ങിയ വിഷയങ്ങളിൽ വിദേശനയ ഉപദേശങ്ങൾ നൽകിയാണ് അദ്ദേഹം ട്രംപുമായി അടുത്തത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് 500 ശതമാനം താരിഫ് ഏർപ്പെടുത്താൻ ട്രംപിനോട് നിർദേശിച്ച നേതാവ് കൂടിയാണ് ലിൻഡ്‌സി ഗ്രഹാം.
Content Highlights: Sudden passing of veteran US Senator Lindsey Graham., Emergence of conspiracy theories involving Iran and Russia., Graham's pivotal role as a foreign policy advisor to Donald Trump., Global reactions from Netanyahu and Zelenskyy regarding his strategic influence., Graham's history of advocating for strict sanctions against Iran and Russia.