US-ൽ സ്കൂളിൽ വെടിവെയ്പ്പ്; 2 കുട്ടികൾക്ക് ദാരുണാന്ത്യം, ട്രാൻസ്ജെൻഡറായ അക്രമി സ്വയം ജീവനൊടുക്കി

വാഷിങ്ടണ്‍: യുഎസിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാന്‍സ്ജെന്‍ഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിന് വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു. സംഭവം എഫ്ബിഐ അന്വേഷിക്കും.
യുഎസ് സമയം ബുധനാഴ്ച രാവിലെ സ്കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസും എഫ്ബിഐയും മറ്റ് ഫെഡറല്‍ ഏജന്റുമാരും സ്ഥലത്തുണ്ട്.
സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.
Content Highlights: Two children killed in a school shooting at a Catholic school in Minneapolis