സൗദിക്ക് യുറേനിയം സമ്പുഷ്ടീകരിക്കാം;ആണവക്കരാറിന് ട്രംപിന്റെ പച്ചക്കൊടി

#ന്യൂസ് ഡെസ്ക്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AP
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AP

വാഷിങ്ടൺ: സൗദി അറേബ്യയുടെ സിവിലിയൻ ആണവപദ്ധതിക്കായി യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന '123 ആണവക്കരാറി'ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

വിഷയവുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കരാർ പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് യു.എസും സൗദിയും പ്രതികരിച്ചിട്ടില്ല.

30 വർഷത്തേക്കുള്ള കരാറിൽ സൗദിയുടെ സിവിലിയൻ ആണവ പദ്ധതി വികസിപ്പിക്കുന്നതിൽ അമേരിക്കൻ കമ്പനികൾക്ക് പങ്കാളിത്തമുണ്ടാകും. ഇരുരാജ്യങ്ങളും സംയുക്തപഠനം നടത്തിയശേഷം സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.

യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള അമേരിക്കൻ സാങ്കേതികവിദ്യ സൗദിക്ക് നൽകുന്നതിനുള്ള കരാറുണ്ടാക്കാൻ മുൻ പ്രസിഡന്റ് ജോ ബൈഡനും ശ്രമിച്ചിരുന്നു. അതേസമയം, സൗദിയിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ സ്ഥാപിക്കുന്നത് ഭാവിയിൽ അവർ ആണവായുധമുണ്ടാക്കാനിടയാകുമെന്ന ആശങ്ക ആണവ നിരായുധീകരണരംഗത്തെ വിദഗ്ധർ ഉന്നയിച്ചിരുന്നു. ഇറാൻ ആണവായുധം നേടിയാൽ സൗദിയും അതേവഴിയിലേക്ക് തിരിയുമെന്ന് സൗദി കിരീടാവകാശി മുൻപ് സൂചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഖത്തറിനുനേരേ ഇസ്രയേൽ ആക്രമണം നടത്തിയതിനുപിന്നാലെ സൗദിയും ആണവശേഷിയുള്ള പാകിസ്താനും ഉഭയകക്ഷി പ്രതിരോധസഹകരണക്കരാരിൽ ഒപ്പുവെച്ചിരുന്നു. ആവശ്യമെങ്കിൽ തങ്ങളുടെ ആണവപദ്ധതി സൗദിക്ക് ലഭ്യമാക്കുമെന്നും അന്ന് പാകിസ്താൻ പറഞ്ഞിരുന്നു. അമേരിക്കയുമായി സമാന കരാർ യു.എ.ഇ. ഒപ്പിട്ടിട്ടുണ്ട്. എന്നാൽ അവർ, ആണവസമ്പുഷ്ടീകരണത്തിന് അവകാശം തേടിയിരുന്നില്ല. പശ്ചിമേഷ്യയിലെ ഏക ആണവശക്തി ഇസ്രയേലാണെന്നാണ് അനുമാനം.

Content Highlights: US-Saudi 123 nuclear agreement approved for civilian energy development., Agreement allows American companies to participate in Saudi nuclear infrastructure., Plan includes joint study for domestic uranium enrichment centers in Saudi Arabia., Experts raise proliferation concerns regarding potential weaponization., Contextual shift following Saudi-Pakistan defense cooperation.