ട്രംപ് ക്യാപിറ്റോള്‍ മന്ദിരത്തിലെത്തി; സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും. സത്യപ്രതിജ്ഞയ്ക്കായി ട്രംപ് ക്യാപിറ്റോള്‍ മന്ദിരത്തിലെത്തി. വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാൾ സത്യപ്രതിജ്ഞാവേദിയാക്കിയത്. 1985-ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ് അടഞ്ഞവേദിയിൽ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് സത്യവാചകം ചൊല്ലിക്കൊടുക്കും. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്യും. 2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്. അധികാരമേറ്റാലുടന്‍ ട്രംപ് സുപ്രധാന ഉത്തരവുകളില്‍ ഒപ്പുവെക്കും. അനധികൃത കുടിയേറ്റം തടയാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരും ചടങ്ങിനെത്തുന്നുണ്ട്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് എന്നിവരുടെ സാന്നിധ്യമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയിട്ടുണ്ട്.
യു.എസിനെ നയിക്കാൻ വീണ്ടുമെത്തുന്ന ഡൊണാൾഡ് ട്രംപിന് കൈകാര്യംചെയ്യാൻ അമേരിക്കയ്ക്കുള്ളിലും പുറത്തും നിരവധി വിഷയങ്ങളുണ്ട്. യുക്രൈനിലും ഗാസയിലുമുള്ള യുദ്ധം, യു.എസിലെ വിലക്കയറ്റം, അഭയാർഥിപ്രശ്നം എന്നിവയെ അഭിമുഖീകരിക്കേണ്ടതായുണ്ട്. യു.എസിന്റെ ആഗോളസ്വാധീനം കുറഞ്ഞെന്ന അടക്കംപറച്ചിലുകൾക്കിടെയാണ് ട്രംപിന്റെ രണ്ടാംവരവ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നാണ് കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും അദ്ദേഹത്തിന്റെ ആപ്തവാക്യം.
Content Highlights: us president donald trump oath ceremony