മഡുറോയുടെ ഭക്ഷണമടക്കം നിരീക്ഷിച്ചു, വളർത്തുമൃഗങ്ങൾപോലും ചാരക്കണ്ണിൽ; 2.20 മണിക്കൂർനീണ്ട US ഓപ്പറേഷൻ

വാഷിങ്ടൺ: വെനസ്വേലയിൽ അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ 'ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവ്' എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്. വെനസ്വേലയെ കടന്നാക്രമിക്കാനുള്ള പദ്ധതിക്ക് നേരത്തേതന്നെ രൂപംനൽകിയിരുന്നെങ്കിലും കാലാവസ്ഥയും മറ്റുസാഹചര്യങ്ങളും അനുകൂലമാകാനാണ് ഇതുവരെ കാത്തിരുന്നതെന്ന് യുഎസ് സൈനികവൃത്തങ്ങൾ വ്യക്തമാക്കി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മാസങ്ങളായി അമേരിക്കൻ ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് യുഎസ് ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. കര, നാവിക, വ്യോമ സേനകളും സ്‌പേസ് ഫോഴ്‌സും സിഐഎ അടക്കമുള്ള ഇന്റലിജൻസ് ഏജൻസികളും സംയുക്തമായി ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നിരീക്ഷിക്കാനായി വെനസ്വേലൻ സർക്കാരിൽനിന്നടക്കമുള്ളവർ ഉൾപ്പെട്ട ഒരു ചാരസംഘം പ്രവർത്തിച്ചിരുന്നതായാണ് യുഎസിന്റെ വെളിപ്പെടുത്തൽ. നിക്കോളാസ് മഡുറോ ഉറങ്ങുന്നതടക്കം അദ്ദേഹത്തിന്റെ ഓരോനീക്കങ്ങളും ഈ സംഘം സസൂക്ഷ്മം നിരീക്ഷിച്ചു. മഡുറോ എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നതടക്കം നിരീക്ഷിച്ചിരുന്നു. മഡുറോയുടെ വളർത്തുമൃഗങ്ങൾ പോലും അമേരിക്കയുടെ നിരീക്ഷണവലയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം വെനസ്വേലൻ പ്രസിഡന്റിന്റെ കാരക്കാസിലെ സുരക്ഷിത വസതി ആക്രമിക്കാനായി മാസങ്ങളായുള്ള ആസൂത്രണവും നടന്നു. കാരക്കാസിലെ വസതിയുടെ രൂപരേഖയടക്കം തയ്യാറാക്കി ഇവിടേക്ക് എങ്ങനെയെല്ലാം പ്രവേശിക്കാമെന്നതടക്കം യുഎസ് സൈന്യം ചർച്ചചെയ്തു. ക്രിസ്മസിനും പുതുവത്സരത്തിനും ശേഷം അമേരിക്കൻ സൈന്യത്തിലെ ഓരോരുത്തരും സജ്ജരായിരുന്നെന്നും പ്രസിഡന്റിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നെന്നും യുഎസിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ഡാൻ കെയ്ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയോടെയാണ് ദൗത്യം ആരംഭിക്കാൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് കിട്ടിയതെന്നും പ്രസിഡന്റ് വിജയാശംസകൾ നേർന്നതായും ഡാൻ കെയ്ൻ വ്യക്തമാക്കി. തുടർന്നാണ് ആകാശത്തിലൂടെയും കരയിലൂടെയും കടലിലൂടെയും രണ്ടുമണിക്കൂർ ഇരുപതുമിനിറ്റ് നീണ്ടുനിന്ന ദൗത്യം അമേരിക്കൻ സേന പൂർത്തിയാക്കിയത്.
അതേസമയം, യുഎസ് സൈന്യം വെനസ്വേലയെ ആക്രമിക്കുമ്പോൾ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിലുണ്ടായിരുന്നില്ല. ഫ്‌ളോറിഡ പാംബീച്ചിലെ അദ്ദേഹത്തിന്റെ 'മാർ-എ-ലാഗോ' ക്ലബ്ബിലിരുന്നാണ് അദ്ദേഹം വെനസ്വേലയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തത്സമയം വീക്ഷിച്ചത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫെ തുടങ്ങിയവരും വിവിധ ഉപദേശകരും ട്രംപിനൊപ്പം ഇവിടെയുണ്ടായിരുന്നു. ഒരു ടിവി ഷോ കാണുന്നപോലെയാണ് താൻ എല്ലാം കണ്ടതെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്.
150-ലേറെ പോർവിമാനങ്ങൾ, ഡെൽറ്റ ഫോഴ്‌സ്....
യുഎസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘമായ ഡെൽറ്റ ഫോഴ്‌സ് അംഗങ്ങളടക്കം 'ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവി'ൽ അണിനിരന്നതായാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട്. വെനസ്വേലയ്ക്ക് നേരേ ആക്രമണം ആരംഭിച്ച് ഏതാനും സമയത്തിനുള്ളിൽ തന്നെ യുഎസ് സംഘത്തിന് മഡുറോയുടെ വസതിയിൽ എത്താനായെന്നും ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അടക്കമുള്ള ലക്ഷ്യങ്ങളാണ് ആദ്യം ഭേദിച്ചത്. സൈനിക കോട്ടയെന്ന് ട്രംപ് വിശേഷിപ്പിച്ച മഡുറോയുടെ വസതി ലക്ഷ്യമാക്കി നീങ്ങിയ ഹെലികോപ്റ്ററുകൾക്ക് പോർവിമാനങ്ങൾ സംരക്ഷണം നൽകി. പ്രാദേശികസമയം രണ്ടുമണിയോടെ യുഎസ് ഹെലികോപ്റ്ററുകൾ മഡുറോയുടെ വസതി സ്ഥിതിചെയ്യുന്ന സൈനിക താവളത്തിലെത്തി.
ഇതിനിടെ, ഹെലികോപ്റ്ററുകൾക്ക് നേരേ വെനസ്വേലയുടെ ആക്രമണമുണ്ടായി. ഒരു ഹെലികോപ്റ്ററിന് കേടുപാടുണ്ടായെങ്കിലും ഇവ തിരികെ പറക്കാനാകുന്ന സ്ഥിതിയിലായിരുന്നുവെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസ് സൈന്യം വസതിക്കുള്ളിൽ പ്രവേശിച്ചപ്പോൾ മഡുറോയും ഭാര്യയും സുരക്ഷിതമായ മറ്റൊരു മുറിയിലേക്ക് നീങ്ങാനുള്ള ശ്രമത്തിലായിരുന്നുവെന്നും എന്നാൽ അതിന് കഴിഞ്ഞില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Content Highlights: US-led `Operation Absolute Resolve` targeted Venezuela`s President Maduro. Learn about the extensive surveillance and the 2h 20m mission.