ടൈറ്റന്‍ ദുരന്തം: സ്‌ഫോടനശബ്ദം US നേവിയുടെ നിരീക്ഷണ സംവിധാനം രേഖപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ കാണാതായി മണിക്കൂറുകള്‍ക്കകം പേടകത്തിന്റെതെന്ന് കരുതുന്ന സ്‌ഫോടനത്തിന്റെ ശബ്ദം യു.എസ്. നാവികസേനയക്ക് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. അണ്ടര്‍വാട്ടര്‍ സൗണ്ട് മോണിറ്ററിങ് ഉപകരണത്തില്‍ ശബ്ദം വ്യക്തമായെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത നാവികസേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ജേണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സേന ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണസംവിധാനത്തിലാണ് ശബ്ദം രേഖപ്പെടുത്തപ്പെട്ടത്. ശബ്ദരേഖ സേന വിശദമായി വിശകലനം ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കോ, ഉള്‍വലിഞ്ഞുള്ള പൊട്ടലിനോ സമാനമായ എന്തോ നടന്നതായി വ്യക്തമായി. ആശയവിനിമയം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ പ്രവര്‍ത്തിച്ചിരുന്നിടത്തെ പരിസരത്തുനിന്നാണ് ശബ്ദം വന്നതെന്നും വിശകലത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൈറ്റന്‍ പേടകത്തിലെ അഞ്ചുപേരുടേയും മരണം സ്ഥിരീകരിച്ചതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും ഓഷ്യന്‍ഗേറ്റ് കമ്പനിയും അറിയിച്ചിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്നുള്ള 12 കഷണങ്ങള്‍ കണ്ടെത്തിയതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിരുന്നു. ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി യാത്രതുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനകം പേടകത്തില്‍നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.
ടൈറ്റന്‍
യു.എസ്. ആസ്ഥാനമായുള്ള ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സ് സമുദ്രപര്യവേക്ഷണത്തിനായി നിര്‍മിച്ച പേടകം. അഞ്ചുപേര്‍ക്കിരിക്കാം. കടലില്‍ 4000 മീറ്റര്‍ ആഴംവരെ പോകും. നീളം ആറര മീറ്റര്‍. അഞ്ചുപേര്‍ക്ക് 96 മണിക്കൂര്‍ കഴിയാന്‍വേണ്ട ഓക്‌സിജന്‍. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാന്‍ കൊണ്ടുപോകാനും കടലിനടിയിലെ സര്‍വേകള്‍ക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഉപയോഗിക്കാം. എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളില്‍നിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷന്‍ഗേറ്റ് ഈടാക്കിയത്..
ടൈറ്റാനിക്
കാനഡയുടെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ല്‍ ബ്രിട്ടനിലെ സതാംപ്ടണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. 1985-ല്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതല്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
Content Highlights: US Navy Heard What It Believed Was Titanic Sub Implosion Days Ago: Report