മിസൈലുകൾ 80% വരെ തീർന്നു, യുഎസ് ആയുധശേഖരത്തിൽ 'അപകടകരമാംവിധം കുറവ്'; മുന്നറിയിപ്പുമായി കമാൻഡർമാർ

#ന്യൂസ് ഡെസ്ക്
യു.എസ്. ആര്‍മി പാരാട്രൂപ്പര്‍മാര്‍ പരിശീലനത്തിനിടെ |ഫോട്ടോ:x.com/CENTCOM
യു.എസ്. ആര്‍മി പാരാട്രൂപ്പര്‍മാര്‍ പരിശീലനത്തിനിടെ |ഫോട്ടോ:x.com/CENTCOM

വാഷിങ്ടൺ: ഇറാനുമായുള്ള തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് അമേരിക്കയുടെ ആയുധ ശേഖരത്തിൽ അപകടകരമായ വിധത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പ്രധാന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80% തീർന്നുപോയെന്നും യുഎസ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്ന 'താഡ്' മിസൈൽ പ്രതിരോധ സംവിധാനത്തിൽ ഏകദേശം 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞു.

കൂടാതെ, 'പാട്രിയറ്റ് ഇന്റർസെപ്റ്ററു’കളിൽ പകുതിയിലധികവും യുദ്ധത്തിന് ശേഷം ഉപയോഗിച്ചുകഴിഞ്ഞു. താഡ് വ്യോമപ്രതിരോധ സംവിധാന ശേഖരത്തിൽ ഇത്ര വലിയ കുറവുണ്ടായത് ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഘർഷം വീണ്ടും രൂക്ഷമായാൽ ഇറാനിൽനിന്നുള്ള തിരിച്ചടി പ്രതിരോധിക്കാനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഗൾഫ് സഖ്യകക്ഷികളിലും ആശങ്ക ഉയർന്നിട്ടുണ്ട്.

അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളിലാണ് പേർഷ്യൻ ഗൾഫ് മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങളുടെ ഏക വിശ്വാസം. മിസൈൽ ശേഖരം തീരുന്നത് ഇറാനിന്റെ തിരിച്ചടികൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും മുന്നിൽ തങ്ങളെ ദുർബലരാക്കുമെന്ന് ഇവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ടോമഹാക്ക് ക്രൂയിസ് മിസൈലുകൾ, അറ്റാകംസ് (ATACMS), പ്രിസിഷൻ സ്‌ട്രൈക്ക് മിസൈലുകൾ എന്നിവയുടെ ശേഖരത്തിലും വൻ കുറവ് സംഭവിച്ചിട്ടുണ്ട്. മിസൈലുകളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി, ഇറാനെതിരെ കൂടുതൽ കടുത്ത ആക്രമണങ്ങൾ തത്കാലം വേണ്ടെന്നുവെക്കാൻ സൈനിക ഉപദേശകർ ഡൊണാൾഡ് ട്രംപിനോട് ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇറാനുനേരെ പുതിയ ആക്രമണങ്ങൾ റദ്ദാക്കാൻ കഴിഞ്ഞ ആഴ്ച ട്രംപ് തീരുമാനിച്ചിരുന്നു. ഇത് സൈനിക കമാൻഡർമാരുടെ ഉപദേശത്തെ തുടർന്നാണെന്നാണ് സിഎൻഎൻ വ്യക്തമാക്കുന്നത്. ആയുധശേഖരങ്ങളിലെ കുറവ് രണ്ടാം തവണയാണ് യുഎസ് സൈനിക കമാൻഡർമാർ ട്രംപിന് മുന്നിൽ ചൂണ്ടിക്കാട്ടുന്നതെന്നാണ് വിവരം.

പുതിയ മിസൈലുകളുടെ നിർമാണം വളരെ സാവധാനത്തിലാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷത്തെ ഡെലിവറി ഷെഡ്യൂളുകൾ അനുസരിച്ച്, പെന്റഗണിന് പ്രതിമാസം ഏകദേശം 15 പുതിയ ടോമാഹോക്കുകളും 20 പുതിയ പാട്രിയറ്റ് മിസൈലുകളും ലഭിക്കും. താഡ് മിസൈൽ ശേഖരം പൂർവ്വസ്ഥിതിയിലാക്കാൻ മൂന്ന് വർഷത്തിൽ കൂടുതൽ സമയമെടുക്കുമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിനെ ഉദ്ധരിച്ച് സിഎൻഎൻ പറയുന്നു.

അതേസമയം, തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായത്രയും ആയുധശേഖരവും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കൽ നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രതികരിച്ചു. പ്രസിഡന്റ് നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും കൃത്യമായ സൈനിക നടപടികൾ സ്വീകരിക്കാൻ യു.എസ് സൈന്യത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന് പെന്റഗൺ വക്താവ് ഷോൺ പർനെലും വ്യക്തമാക്കി.

Content Highlights: US missile interceptor stocks, including THAAD and Patriot, have depleted by over 50-80% due to regional conflicts., Military advisors recommended President Trump to avoid further escalation with Iran due to supply shortages., Production rates for Tomahawk and Patriot missiles remain slow, with THAAD replenishment estimated to take over three years., Gulf allies express concerns over vulnerability to potential Iranian drone and missile strikes., The White House maintains that sufficient munitions exist for strategic objectives despite reported shortages.