സൈന്യം സജ്ജം,ഹോർമുസ് തുറന്നുതന്നെ കിടക്കുന്നുവെന്ന് യുഎസ്, ആണവ ബോംബിനെക്കാൾ പ്രധാന്യമെന്ന് ഇറാൻ

#ന്യൂസ് ഡെസ്ക്
ഹോര്‍മുസ് ജലപാതയില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP
ഹോര്‍മുസ് ജലപാതയില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:AFP

വാഷിങ്ടൺ/ഹോർമുസ്: കടന്നുപോകാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് യുഎസ് സേന. ഇറാന്റെ അനാവശ്യമായ ഭീഷണി നേരിടാനും നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കാനും സേനയെ സജ്ജമാക്കിയിട്ടുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് ഇറാനല്ല. ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. ഹോർമുസ് അടച്ചിട്ടിരിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ പ്രസ്താവന.

കഴിഞ്ഞ ആഴ്ച മുതൽ പുനരാരംഭിച്ച സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഹോർമുസ് അടച്ചിട്ടതായി ഇറാൻ പ്രഖ്യാപിച്ചത്. ഇറാന് ഹോർമുസ് കടലിടുക്ക് ആണവ ബോംബുകളേക്കാൾ പ്രധാനമാണെന്നും അത് സംരക്ഷിക്കുമെന്ന് അവരുടെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മേജർ ജനറൽ മൊഹ്‌സിൻ റെസായ് പറഞ്ഞു.

'ഈ തന്ത്രപരമായ പാത ഡസൻ കണക്കിന് ആണവ ബോംബുകളേക്കാൾ പ്രധാനമാണ്, ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക് അത് സംരക്ഷിക്കും' റെസായ് പറഞ്ഞു. ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് സംഘർഷം പുനരാരംഭിച്ചത്. ഇറാനിൽ യുഎസ് ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെയാണ് ഹോർമുസ് അടയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാൽ ഹോർമുസ് ഗതാഗതത്തിനായി തുറന്നിരിക്കുന്നുവെന്നും സംരക്ഷണത്തിന് തങ്ങളുടെ സൈന്യം ഉണ്ടെന്നുമാണ് യുഎസ് അവകാശപ്പെടുന്നത്. 'ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗത പാതകൾ തുറന്നുതന്നെ കിടക്കുന്നു. 

ആഗോളതലത്തിൽ ചരക്കുകളും ഊർജ്ജവും കടത്തിവിടാൻ വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ജലപാതയ്ക്ക് മേൽ ഇറാന് നിയന്ത്രണമില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ 800-ലധികം കപ്പലുകളുടെയും 400 ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് യു.എസ് സേന സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 140-ലധികം കപ്പലുകൾ ഈ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ട്' എന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Content Highlights: US Central Command asserts freedom of navigation in the Strait of Hormuz., Iran claims the strait is closed following recent military escalations., US military reports over 140 ships passed through the strait in the last week., Strategic importance of the waterway for global energy and trade highlighted.