ഇറാനിൽ ആക്രമണത്തിന് മുതിരാതെ യു.എസ്, എംബസികളിൽ ഉദ്യോഗസ്ഥർ തിരികെവരുന്നു; ട്രംപ് തന്ത്രം മാറ്റുന്നു?

ടെഹ്റാൻ: മാസങ്ങൾ നീണ്ട യു.എസ്. -ഇറാൻ സംഘർഷം അയയുന്നതായി റിപ്പോർട്ട്. അടുത്തിടെ പുതിയ ആക്രമണങ്ങളൊന്നും യു.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും ഇനി തങ്ങൾ ആക്രമണത്തിനില്ലെന്നും ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നുമുള്ള യു.എസിന്റെ പ്രഖ്യാപനവുമാണ് യുദ്ധഭീതി ഒഴിയുന്നതായുള്ള സൂചനകൾ നൽകുന്നത്. പശ്ചിമേഷ്യയിലെ എംബസികളിൽനിന്ന് ഒഴിപ്പിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ നിയമിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, യു.എസ്. ഉന്നയിച്ച, ഇറാന്റെ ആണവശേഷി, ഹോർമൂസ് ഇടനാഴിയിലെ പ്രതിസന്ധി തുടങ്ങി പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇതേച്ചൊല്ലിയാണ് നയതന്ത്ര ചർച്ചകൾ ഇപ്പോഴും വഴിമുട്ടിനിൽക്കുന്നത്. യു.എസ്. പുതിയ ആക്രമണങ്ങൾക്ക് മുതിരാത്തതിന് പിന്നിൽ യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റമാണോ അതോ മറ്റൊരു സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യങ്ങളും ആഗോളതരലത്തിൽ ഉയരുന്നുണ്ട്.
ഇറാനെതിരേ പുതിയ ആക്രമണങ്ങൾ യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഉപരോധങ്ങളുൾപ്പെടെയുള്ള സമ്മർദ്ദ തന്ത്രങ്ങളായിരിക്കും അമേരിക്ക ഇനി പ്രയോഗിക്കുക എന്ന കാര്യവും റൂബിയോ സൂചിപ്പിച്ചു. എന്നാൽ, ഇറാൻ ആക്രമിച്ചാൽ തിരിച്ചാക്രമിക്കുമെന്ന സൂചനകളും റൂബിയോ നൽകി.
സഖ്യരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ നിലവിലെ യു.എസ്. സമീപനത്തെക്കുറിച്ച് റൂബിയോ അറിയിച്ചതായാണ് വിവരം. നിലവിൽ സൈനിക നടപടികൾ തീർത്തും ഒഴിവാക്കി, നാവിക ഉപരോധത്തിലൂടെയും സാമ്പത്തിക ഉപരോധത്തിലൂടെയും ഇറാനെ സമ്മർദ്ദത്തിലാക്കുന്ന തന്ത്രമായിരിക്കും അമേരിക്ക പയറ്റുക. ഹോർമൂസ് കടലിടുക്ക് വഴി ആഗോള ഊർജ്ജ വിപണികളിലേക്ക് കഴിയുന്നത്ര എണ്ണ കടത്തുക എന്ന ലക്ഷ്യവും യു.എസിന് മുമ്പിലുണ്ട്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് പശ്ചിമേഷ്യയിലെ എംബസികളിൽനിന്ന് ഒഴിപ്പിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ നിയമിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത് യുദ്ധ ഭീതി ഒഴിഞ്ഞതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലെബനൻ, ഇസ്രായേൽ, സൗദി അറേബ്യ, ബാഗ്ദാദ് എന്നിവിടങ്ങളിലെ യു.എസ്. എംബസികളിലേക്ക് ഉദ്യോഗസ്ഥർ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 28-ന് ഇറാനിൽ യു.എസ്.- ഇസ്രായേൽ സംയുക്താക്രമണം ആരംഭിച്ചതിനു പിന്നാലെ മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള എംബസികളിൽനിന്ന് യു.എസ്. ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നു.
നയതന്ത്ര പ്രതിനിധികൾ മടങ്ങിയെത്തുന്നത് ആശ്വാസകരമാണെങ്കിലും, ഇത് പൂർണമായ സമാധാന പ്രഖ്യാപനമല്ലെന്ന് നയതന്ത്ര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉപരോധങ്ങളും സുരക്ഷാ മുൻകരുതലുകളും ഇപ്പോഴും നിലനിൽക്കുന്നതിനാൽ മേഖലയിലെ അവസ്ഥ തികച്ചും സങ്കീർണമാണ്. സമാധാന കരാർ എത്രയുംവേഗം അന്തിമരൂപത്തിലെത്തിയാൽ മാത്രമേ യുദ്ധം പൂർണമായി അവസാനിച്ചു എന്ന് ഉറപ്പിക്കാൻ സാധിക്കൂ.
ഇറാന്റെ ജീവവായുവായ എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കുക ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിൽ കടുത്ത ഉപരോധനടപടികൾ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇക്കണോമിക് ഡി-ഡേ’യ്ക്ക് തുടക്കമിട്ടതായി അറിയിച്ചത്.
പുതിയ നീക്കത്തിന്റെ ഭാഗമായി ഇറാനുമായി ബന്ധപ്പെട്ട ഏകദേശം 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കെതിരേ ഉപരോധം ഏർപ്പെടുത്തി. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളെ ഡോളർ അടിസ്ഥാനമാക്കിയുള്ള ധനകാര്യ വ്യവസ്ഥയിൽനിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇറാന്റെ പ്രധാന വരുമാനസ്രോതസ്സായ എണ്ണക്കയറ്റുമതിയാണ് അമേരിക്കയുടെ ഉന്നം. ഇറാനിയൻ എണ്ണ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ സഹായിക്കുന്ന വ്യാപാരികൾ, ഇടനിലക്കാർ, കപ്പൽ കമ്പനികൾ, ടാങ്കറുകൾ തുടങ്ങിയവ ഉപരോധപരിധിയിൽ വരുന്നു. ഉപരോധം മറികടക്കാൻ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പൽശൃംഖലകളും അമേരിക്ക ലക്ഷ്യമിടുന്നു. കപ്പലുകളുടെ ഉടമസ്ഥാവകാശം മറച്ചുവെച്ചും ഇടനില കമ്പനികളെ ഉപയോഗപ്പെടുത്തിയും ഇറാനിയൻ എണ്ണയുടെ ഉറവിടം മറച്ചുവെക്കുന്ന ശൃംഖലയാണിത്.
Content Highlights: US pauses direct military attacks against Iran, opting for economic and naval sanctions., US diplomats preparing to return to Middle East embassies., Treasury Department launches 'Economic D-Day' targeting around 60 entities, individuals, and shadow fleet vessels., Strait of Hormuz crisis and Iran's nuclear capabilities remain unresolved diplomatic hurdles.